1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2024

സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വേനലവധിക്കു ശേഷം പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച ആരംഭിക്കും. 378,134 വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെത്തുക. 303 സര്‍ക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 136,802 വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് ജിവനക്കാര്‍ ഓഗസ്റ്റ് 25 മുതല്‍ തന്നെ ഒരുക്കങ്ങളില്‍ വ്യാപൃതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മന്ത്രാലയം ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ഷിക വിദ്യാഭ്യാസ യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭിന്നശേഷി വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള 160 വാഹനങ്ങള്‍ക്കു പുറമെ, 2,353 ബസുകളും വാനുകളും വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 48,319 ഖത്തറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 241,332 വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ കാര്യ മേഖലയും തയ്യാറാണ്.

134 സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ വൗച്ചര്‍ സമ്പ്രദായത്തില്‍ നിന്ന് പ്രയോജനം നേടുന്നതായി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം വിദ്യാഭ്യാസ വൗച്ചര്‍ സംവിധാനത്തില്‍ ചേര്‍ന്ന എട്ട് പുതിയ സ്‌കൂളുകള്‍ ഉള്‍പ്പെടെ, വിദ്യാഭ്യാസ വൗച്ചര്‍ സമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുന്ന ഖത്തറി വിദ്യാര്‍ത്ഥികളുടെ എണ്ണം 31,572 ഖത്തറി വിദ്യാര്‍ത്ഥികളായി.

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളുടെ അറ്റകുറ്റപ്പണികള്‍, സുരക്ഷാ സംവിധാനങ്ങള്‍, വൈദ്യുതി, ആരോഗ്യ പോഷകാഹാര ആവശ്യകതകള്‍ക്കനുസരിച്ച് സ്‌കൂള്‍ കഫ്റ്റീരിയകള്‍ സജ്ജീകരിക്കല്‍ എന്നിവ ഈ തയ്യാറെടുപ്പില്‍ ഉള്‍പ്പെടുന്നു.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രാഫിക് അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി പുതിയ അധ്യയന വര്‍ഷത്തേക്ക് സംയോജിത ട്രാഫിക് പ്ലാന്‍ പ്രഖ്യാപിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. അധ്യയന വര്‍ഷത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള സംയോജിത പദ്ധതി ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാക്കിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് മീഡിയ ഓഫീസര്‍ ലഫ്റ്റനന്‍റ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അസ്മര്‍ അല്‍ റുവൈലി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും പ്രധാന റോഡുകളിലും സ്‌കൂളുകള്‍ പരിസരങ്ങളിലും അവയിലേക്ക് പോകുന്ന റോഡുകളിലും ഗതാഗതക്കുരുക്ക് കുറയ്ക്കാനും പട്രോളിംഗും ട്രാഫിക് പോലീസിന്‍റെ സാന്നിധ്യവും ഇതിന്‍റെ ഭാഗമായി വർധിപ്പിച്ചിട്ടുണ്ട്. കവലകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്‌കൂളുകളിലും പ്രത്യേക പദ്ധതിയും ഇതിന്റെ ഭാഗമായി തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.