സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്കുള്ള സേവനാനന്തര ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വരുത്തിയ മാറ്റവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി തൊഴില്‍ മന്ത്രാലയം. റിട്ടയര്‍മെന്റിന് ശേഷമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യം കണക്കുകൂട്ടുന്ന രീതിയിലാണ് പ്രധാനം മാറ്റം ഉണ്ടായിരിക്കുന്നത്. രാജകീയ ഉത്തരവ് 53/2023 വഴി പുറപ്പെടുവിച്ച തൊഴില്‍ നിയമം മുഖേന പ്രവാസി ജീവനക്കാരുടെ സേവനനാനന്തര ആനുകൂല്യങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം (എംഒഎല്‍) വ്യക്തത വരുത്തിയിരിക്കുന്നത്.
നേരത്തെയുള്ള നിയമമനുസരിച്ച് പ്രവാസി ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ അവര്‍ക്ക് ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള ആദ്യത്തെ മൂന്ന് വര്‍ഷത്തെ സേവനത്തിന് 15 ദിവസത്തെ അടിസ്ഥാന ശമ്പളത്തിനും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തിനും 30 ദിവസത്തെ അടിസ്ഥാന ശമ്പളത്തിനും അര്‍ഹതയുണ്ടായിരുന്നു. പുതുക്കിയ നിയമനിര്‍മാണം അനുസരിച്ച് പ്രവാസി ജീവനക്കാര്‍ക്ക് സേവനത്തിന്റെ ആദ്യ വര്‍ഷം മുതല്‍ ഒരു മാസത്തെ അടിസ്ഥാന ശമ്പളത്തിന് അര്‍ഹതയുണ്ട്. പുതിയ തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 61, എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച പ്രധാന മാറ്റങ്ങള്‍ വിശദീകരിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സാമൂഹ്യ സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടാത്ത തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ അവരുടെ അവസാനത്തെ അടിസ്ഥാന വേതനം അടിസ്ഥാനമാക്കി ഓരോ വര്‍ഷത്തെ സേവനത്തിനും ഗ്രാറ്റുവിറ്റി നല്‍കണമെന്ന് ലേഖനം വ്യവസ്ഥ ചെയ്യുന്നു. ഇത് സേവനമനുഷ്ഠിച്ച മുഴുവന്‍ വര്‍ഷങ്ങള്‍ക്കും ബാധകമാണ്. അഥവാ ഒരു വര്‍ഷത്തിന്റെ പകുതി കാലം മാത്രമേ ജോലി ചെയ്തിട്ടുള്ളൂവെങ്കിലും ആ അവര്ഷവും ഗ്രാറ്റുവിറ്റി കണക്കാക്കുമ്പോള്‍ ഒരു വര്‍ഷണായി പരിഗണിക്കണം.
മുന്‍ നിയമം പ്രാബല്യത്തിലുള്ള സമയത്ത് ജോലിയില്‍ പ്രവേശിച്ച ശേഷം പുതിയ നിയമത്തിന് കീഴില്‍ ജോലിയില്‍ തുടരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് സേവനത്തിന്റെ അവസാന ഗ്രാറ്റുവിറ്റി രണ്ട് ഭാഗങ്ങളായി കണക്കാക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കാലയളവില്‍ ഗ്രാറ്റുവിറ്റി ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഓരോ വര്‍ഷത്തിനും 15 ദിവസത്തെ അടിസ്ഥാന ശമ്പളവും അതിനു ശേഷമുള്ള ഓരോ വര്‍ഷത്തിനും ഒരു മാസത്തെ അടിസ്ഥാന ശമ്പളവും എന്ന പഴയ ഫോര്‍മുല പിന്തുടരും.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള കാലയളവിലേക്ക് ഓരോ വര്‍ഷത്തെ സേവനത്തിനും ഒരു മുഴുവന്‍ മാസത്തെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രാറ്റുവിറ്റി കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല