സ്വന്തം ലേഖകന്‍: പോളണ്ടില്‍ കോടതികള്‍ക്കു മേല്‍ ഇനി സര്‍ക്കാരിന് അധികാരം, വിവാദ ബില്‍ സെനറ്റ് പാസാക്കി. കോടതി നടപടികളില്‍ സര്‍ക്കാറിന് ഇടപെടാന്‍ അനുമതി നല്‍കുന്ന ബില്‍ പോളിഷ് സെനറ്റ് പാസാക്കി. 55 സെനറ്റര്‍മാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 23 പേര്‍ എതിര്‍ത്തു. നിയമവ്യവസ്ഥയിലെ ജനാധിപത്യം അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ കുറ്റപ്പെടുത്തി. പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്നതോടെ ബില്‍ നിയമമാവും.
സെനറ്റിന്റെ തീരുമാനത്തില്‍ എതിര്‍പ്പുമായി പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ വാഴ്‌സോയില്‍ സമ്മേളിച്ചത്. കോടതികളെ സ്വതന്ത്രമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി(പി.ഐ.എസ്) യേയും പ്രസിഡന്റ് ആന്ദ്രേജ് ദുദയേയും സംബന്ധിച്ചിടത്തോളം ബില്‍ നിര്‍ണായമായിരുന്നു. ജുഡീഷ്യറികളുടെ പ്രവര്‍ത്തനം സുഗമമാകാന്‍ പരിഷ്‌കരണം അനിവാര്യമെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍, കോടതികളുടെ അധികാരം സര്‍ക്കാറില്‍ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ജഡ്ജിമാരുള്‍പ്പെടെയുള്ള വിമര്‍ശകര്‍ ആരോപിക്കുന്നത്. ബില്‍ നിയമമാകുമോ എന്നതു സംബന്ധിച്ച് നടന്ന സര്‍വേയില്‍ 55 ശതമാനം പ്രസിഡന്റ് ബില്‍ തള്ളുമെന്നും 29 ശതമാനം അനുമതി നല്‍കുമെന്നും അഭിപ്രായപ്പെടുന്നു. 2015 ല്‍ അധികാരത്തിലേറിയതു മുതല്‍ പി.ഐ.എസ് കോടതികളില്‍ സ്വാധീനം ചെലുത്താനുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല