സ്വന്തം ലേഖകന്‍: സിറിയയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍, വ്യോമാക്രമണം നടത്തുന്നതിന് കര്‍ശന വിലക്ക്. കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥത്തിലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാറിന്റെ ഭാഗമായി വിമതകേന്ദ്രങ്ങളിലെ നാലു മേഖലകള്‍ സുരക്ഷിത താവളങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ ആക്രമണം പൂര്‍ണമായി നിരോധിച്ചു.
ഇദ്‌ലിബ് പ്രവിശ്യയിലെ ലതാകിയ, വടക്കന്‍ മേഖലയിലെ ഹമ എന്നിവയാണ് ആദ്യ സുരക്ഷിത താവളം. ഇവിടെ 10 ലക്ഷത്തിലേറെ സിവിലിയന്മാര്‍ കഴിയുന്നുണ്ട്. ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന് അയവുവരുത്താന്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍. എന്നാല്‍, കരാര്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിയും എന്നതില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. അതേസമയം ഇറാനെ മാധ്യസ്ഥരാക്കിയതില്‍ പ്രതിഷേധിച്ച് കരാര്‍ പ്രതിപക്ഷം തള്ളി.
അഭയാര്‍ഥികള്‍ക്ക് മടങ്ങിയെത്താനും രാജ്യത്തുള്ള ആയിരക്കണക്കിന് സിവിലിയന്മാര്‍ക്ക് താമസിക്കാനും ഈ കാരാര്‍ സഹായകമാവുമെന്ന് തുര്‍ക്കി, റഷ്യ, ഇറാന്‍ പ്രതിനിധികള്‍ വിലയിരുത്തുന്നു. റഷ്യന്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണ മേഖലകളിലൂടെ പറക്കാമെങ്കിലും വ്യോമാക്രമണം നടത്തുന്നത് വിലക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ കുടിവെള്ളമെത്തിക്കാനും നിരന്തരമായ ആക്രമണങ്ങളില്‍ തകര്‍ന്ന വൈദ്യുതി ലൈനുകള്‍ അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ഈ താവളങ്ങള്‍ക്കുള്ളില്‍നിന്ന് ഐഎസിനെതിരെയും അല്‍ഖാഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘങ്ങള്‍ക്കെതിരെയും പോരാട്ടം തുടരാന്‍ അനുവാദമുണ്ട്. കരാര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല