സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ നികുതി ബാധകമാക്കാന്‍ ഒരുങ്ങി യുഎഇ. കമ്പനിയുടെ ലാഭത്തിന്‍റെ 15 ശതമാനം നികുതിയായി അടയ്ക്കണമെന്ന നിർദ്ദേശം അടുത്ത സാമ്പത്തിക വർഷം മുതല്‍ പ്രാബല്യത്തിലായേക്കും. ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്സ് (DMTT) 2025 ജനുവരി 1 ന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വർഷത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
750 മില്ല്യണ്‍ യൂറോ (ഏകദേശം 3 ബില്ല്യണ്‍ ദിർഹം) അല്ലെങ്കില്‍ അതിലധികം വരുമാനമുളള കമ്പനികള്‍ക്കാണ് ഡിഎംടിടി ബാധകമാവുക. ഇതുസംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ധനമന്ത്രാലയം അധികം വൈകാതെ പുറത്തുവിടും. നിലവില്‍ യുഎഇയിലെ കോർപ്പറേറ്റ് ടാക്സ് 9 ശതമാനമാണ്. ഇതിന് പുറമെയാണ് ഡിഎംടിടിയും നടപ്പിലാകുന്നത്.
വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുളള നടപടികള്‍ രാജ്യത്തുണ്ടാകും. അതോടൊപ്പം രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും വ്യാണിജ്യവ്യാപാര മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടികള്‍.
നികുതി ഇന്‍സെന്‍റീവുകള്‍
രാജ്യത്തെ വ്യാപാര വളർച്ചയും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി 2022 ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 47 കീഴില്‍ കോർപ്പറേറ്റ് ടാക്സ് ഇന്‍സെന്‍റീവുകള്‍ നടപ്പിലാക്കാനും ധനമന്ത്രാലയം ആലോചിക്കുന്നുണ്ട്. ഗവേഷണ-വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് നികുതി ഇന്‍സെന്‍റീവ് നല്‍കുന്നത് പരിഗണനയിലുണ്ട്. നികുതി ഇന്‍സെന്‍റീവുകള്‍ 2026 ല്‍ നടപ്പിലാക്കാനാണ് ആലോചന. നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും നികുതി ഇന്‍സെന്‍റീവുകള്‍ അനുവദിക്കുക.
റീഫണ്ടബിള്‍ ടാക്സ് ക്രെഡിറ്റ്
റീഫണ്ടബിള്‍ ടാക്സ് ക്രെഡിറ്റ് നടപ്പിലാക്കാനും ധനമന്ത്രാലയം ആലോചിക്കുന്നുണ്ട്. ഉയർന്ന മൂല്യമുളള തൊഴില്‍ പ്രവർത്തനങ്ങള്‍ക്കായിരിക്കും ഇത് ബാധകമാവുക. സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതും യുഎയുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.2025 ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും.
ജീവനക്കാർക്ക് അർഹമായ ശമ്പള ചെലവിൻ്റെ ഒരു ശതമാനമായി ഇത് അനുവദിക്കും. നിർദ്ദിഷ്ട ഇന്‍സന്‍റീവുകളുടെ അന്തിമ രൂപവും നടപ്പിലാക്കാനുളള കാലയളവുമെല്ലാം തീരുമാനിക്കുന്നത് നിയമ നിർമാണ സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല