![](https://www.nrimalayalee.com/wp-content/uploads/2021/11/New-Covid-Varian-Omicron-South-Africa.jpg)
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം ബി.1.1.529 വകഭേദം മറ്റ് അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ ഭാഗങ്ങളിലും ജാഗ്രത. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേര് നൽകി.
വ്യാപനശേഷി ഉയർന്നതിനാൽ ഇത് ഡെൽറ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് പരിശോധിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള ഒമൈക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
യഥാര്‍ത്ഥ കൊറോണ വൈറസിൽ നിന്നും ഏറെ മാറ്റം സംഭവിച്ച ഒമൈക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം ഒമൈക്രോൺ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ സംഭവിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്.
പുതിയ വകഭേദം അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ആശങ്ക ഉയര്‍ന്നതോടെ വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന യൂറോപ്യൻ കമ്മിഷൻ നിര്‍ദ്ദേശിച്ചു. ഇത് 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയന് പുറമെ യൂഎസും യുകെയും സൗദിയും യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വകഭേദം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോവിഡിനെതിരെയുള്ള നിലവിലുള്ള വാക്സിനുകള്‍ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന് അറിയാൻ ദിവസങ്ങളെടുക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചത്. പുതിയ വകഭേദം കണ്ടെത്തിയ രണ്ട് പേര് ഹോട്ടലുകളിൽ വ്യത്യസ്തമുറികളിൽ താമസിച്ചിരുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. അതിനാൽത്തന്നെ രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല