1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2024

സ്വന്തം ലേഖകൻ: കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ്-19 വൈറസ് വകഭേദത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. എക്‌സ്.ഇ.സി.(XEC) എന്നാണ് ഈ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. യൂറോപ്പില്‍ ത്വരിതഗതിയിലാണ് ഇതിന്റെ വ്യാപനമെന്നും വൈകാതെ ലോകത്തിന്റ മറ്റുഭാഗങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ജൂണ്‍ മാസത്തില്‍ ജര്‍മനിയിലാണ് ഈ വൈറസ് വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് യുകെ, യുഎസ്, ഡെന്‍മാര്‍ക്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ എക്‌സ്.ഇ.സി. സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമാണ് എക്‌സ്.ഇ.സി.യെന്ന് ഗവേഷകര്‍ പറയുന്നു. ഒമിക്രോണിന് ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടായതാണ് ഈ വകഭേദമെന്നും എങ്കിലും രോഗബാധ ഗുരുതരമാകാതെ സഹായിക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

നേരത്തെ വ്യാപകമായിരുന്ന ഒമിക്രോണ്‍ വകഭേദങ്ങളായ കെ.എസ്. 1.1, കെ.പി.3.3 എന്നിവയുടെ ഹൈബ്രിഡാണ് എക്‌സ്.ഇ.സി. നിലവില്‍ യൂറോപ്പില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വൈറസാണിത്. 27 രാജ്യങ്ങളില്‍ ഏകദേശം 500 ഓളം എക്‌സ്.ഇ.സി. കേസുകള്‍ ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. പോളണ്ട്, നോര്‍വെ, ലക്‌സംബര്‍ഗ്, യുക്രൈന്‍, പോര്‍ച്ചുഗല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ എക്‌സ്.ഇ.സി. സാന്നിധ്യം സ്ഥിരീകരിച്ചുകഴിഞ്ഞു. ഡെന്‍മാര്‍ക്ക് ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്‌സ് എന്നിവടങ്ങളില്‍ ഈ വൈറസിന്റെ തീവ്രവ്യാപനസാധ്യത ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറ്റ് കോവിഡ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി അല്‍പം കൂടുതലാണ് എക്‌സ്.ഇ.സി.യ്‌ക്കെന്ന് ലണ്ടന്‍ ജനിറ്റിക്‌സ് ഇന്‍സ്റ്റിട്യൂട്ട് അറ്റ് യൂണിവേഴ്‌സിറ്റി കോളേജിന്റെ ഡയറക്ടര്‍ കൂടിയായ പ്രൊഫസര്‍ ഫ്രാന്‍കോയിസ് ബലൂക്‌സ് പറഞ്ഞു. വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയുമെങ്കിലും ശീതകാലത്ത് എക്‌സ്.ഇ.സി. ഏറ്റവും വ്യാപകമായ വൈറസ് ആകാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് കോവിഡ് വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ക്ക് സമാനമാണ് എക്‌സ്.ഇ.സി.യ്ക്കും. പനി, തൊണ്ടവേദന, ചുമ, ഗന്ധം തിരിച്ചറിയാനാവാതിരിക്കുക, വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പരമാവധി ശുചിത്വം പാലിക്കാനും വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാനും വായു മലിനീകരണം കുറയ്ക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും ഗവേഷകര്‍ നിര്‍ദേശിച്ചു. എക്‌സ്.ഇ.സിയെ കുറിച്ചുള്ള കൂടുതല്‍ പഠനവും ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.