1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

ലണ്ടന്‍: ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുളള തട്ടിപ്പിന് പുതിയ പുതിയ വഴികള്‍ തേടുകയാണ് തട്ടിപ്പുകാര്‍. അടുത്തിടെ നടന്ന ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് വഴി നാല് മാസത്തിനുളളില്‍ നഷ്ടപ്പെട്ടത് ഒരു മില്യണ്‍. തട്ടിപ്പുകാര്‍ കാര്‍ഡ് ഉടമകളെ ഫോണില്‍ വിളിക്കുന്നതാണ് രീതി. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ആരോ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നിങ്ങളെ അറിയിക്കുകയാണ് ആദ്യപടി. കാര്‍ഡ് മാറ്റണമെന്നും തിരികെ ബാങ്കിലേക്ക് വിളിച്ച് വിശ്വാസ്യത ഉറപ്പ് വരുത്താനും അയാള്‍ പറയും. എന്നാല്‍ കാള്‍ കട്ട് ചെയ്യാതെ ലൈനില്‍ തുടരുന്ന തട്ടിപ്പുകാരനെ തന്നെയാകും ഡയല്‍ ചെയ്യുമ്പോള്‍ കിട്ടുക.

കാര്‍ഡിന്റെ ആധികാരികത ഉറപ്പു വരുത്താനെന്ന വ്യാജേന നിങ്ങളുടെ പിന്‍ നമ്പര്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷം അയാള്‍ നിര്‍ദ്ദേശിക്കുന്ന അഡ്രസ്സിലേക്ക് കാര്‍ഡ് കൊറിയര്‍ ചെയ്യാന്‍ ആവശ്യപ്പെടും. കാര്‍ഡും പിന്‍ നമ്പറും തട്ടിപ്പുകാരന്റെ കൈകളിലെത്തുന്നതോടെ പണം പോകുന്ന വഴി അറിയില്ല.തട്ടിപ്പിനെ കുറിച്ച് ശരിയായ ബോധമുളളവരില്‍ നിന്ന് തന്നെയാണ് പുതിയ തന്ത്രങ്ങളുപയോഗിച്ച് പണം തട്ടുന്നതെന്നാണ് രസകരമായ കാര്യം. ഇത്തരം തട്ടിപ്പ് വിധേയരായതായി സംശയമുണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യണം.

ഈ വര്‍ഷം ഇതുവരെ ഒന്നരമില്യണ്‍ പൗണ്ടാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. ഇതില്‍ ഏഴരലക്ഷം പൗണ്ടും ആദ്യത്തെ നാല് മാസത്തിനുളളിലാണ് തട്ടിയെടുത്തത്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പ്കാരെ ഒഴിവാക്കാവുന്നതാണ്. ബാങ്കിലേക്ക് തിരിച്ച് വിളിക്കുന്നതിന് മുന്‍പ് ഫോണില്‍ ഡയല്‍ ടോണ്‍ ഉണ്ടന്ന് ഉറപ്പ് വരുത്തണം. ഒരിക്കലും കാര്‍ഡ് കൈമാറ്റം ചെയ്യരുത്. പോലീസോ ബാങ്കുടമകളോ നിങ്ങളുടെ വീട്ടിലെത്തി കാര്‍ഡ് കളക്ട് ചെയ്യില്ല. അത്തരക്കാര്‍ സമീപിച്ചാല്‍ തന്നെ കാര്‍ഡ് കൈമാറരുത്. ബാങ്ക് ഒരിക്കലും നിങ്ങളുടെ പിന്‍ നമ്പര്‍ ചോദിച്ച് ഫോണില്‍ വിളിക്കില്ല. കാഷ് മെഷീനിലോ ഷോപ്പ് ചെയ്യുമ്പോള്‍ കാര്‍ഡ് നല്‍കുന്ന മെഷീനിലോ മാത്രമേ പിന്‍ ഉപയോഗിക്കാന്‍ പാടുളളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.