ബ്രിട്ടനിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ മുപ്പതു വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിപ്ലവത്തിന് കളമൊരുങ്ങുന്നു. നിലവിലുള്ള പരീക്ഷാരീതിയും നാഷണല്‍ കരിക്കുലവും അപ്പാടെ മാറ്റിയുള്ള പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന കടുപ്പമുള്ള പഠനകാലമാണ് നല്‍കാന്‍ പോകുന്നത്..ഒ-ലെവല്‍ തിരിച്ചു കൊണ്ടുവരാനും ജി.സി.എസ്.ഇ എടുത്തുകളയാനും ആണ് നീക്കം.
എജ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവ് തയ്യാറാക്കിയ പദ്ധതി പ്രകാരം ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ പരീക്ഷ ഏറെ കടുപ്പമാവും. ഹിസ്റ്ററി, ജോഗ്രഫി, മോഡേന്‍ ലാന്ഗ്വെജസ് എന്നിവയും ഒ-ലെവലിലേയ്ക്ക് മാറും. 1980 -ല്‍ പാര്‍ലമെന്റ് അംഗീകാരം കൊടുത്ത ജി.സി.എസ്.ഇ ‘ചരിത്രപരമായ പിഴവ്’ ആണെന്നാണ് ഗോവിന്റെ അഭിപ്രായം.
അടുത്ത ഏതാനും വര്‍ഷത്തിനകം ജി.സി.എസ്.ഇ പൂര്‍ണമായി അപ്രത്യക്ഷമാകും. സെക്കണ്ടറി സ്കൂളുകളില്‍ ദേശീയ കരിക്കുലവും ഇല്ലാതാവും. ജി.സി.എസ്.ഇ അനുസരിച്ചുള്ള ‘എ’ മുതല്‍ ‘സി’ വരെയുള്ള അഞ്ച് ഗ്രേഡുകളും ഉണ്ടാവില്ല. കഴിവ് കുറഞ്ഞ കുട്ടികള്‍ക്ക് എളുപ്പമുള്ള പരീക്ഷയെ അഭിമുഖീകരിച്ചാല്‍ മതി.
രണ്ടാഴ്ചയ്ക്കകം പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന. 12 ആഴ്ചത്തേക്ക് ഇതിന്മേല്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് അടുത്തവര്‍ഷത്തോടെ ഇത് നടപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല