സ്വന്തം ലേഖകൻ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ബ്രിട്ടനില്‍ പുതുതായി ലൈസന്‍സ് എടുക്കുന്ന ഡ്രൈവര്‍മാര്‍ക്കുള്ള നിയന്ത്രണം കര്‍ക്കശമാക്കുന്നു. ടെസ്റ്റ് പാസ്സ് ആയതിനു ശേഷവും, പുതിയ ഡ്രൈവര്‍മാര്‍ക്ക് കുറച്ചു കാലത്തേക്ക് വാഹനമോടിക്കുന്നതില്‍ ഏറെ നിയന്ത്രണങ്ങള്‍ വരുത്തുന്ന പുതിയ നിയമം ഉടനെ വന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈസന്‍സ് എടുത്ത് ആദ്യ ആറു മാസക്കാലത്തേക്കായിരിക്കും ഈ നിയന്ത്രണങ്ങള്‍.
പുതിയ ഡ്രൈവര്‍മാര്‍, ലൈസന്‍സ് എടുത്ത് ആദ്യ ആാറു മാസക്കാലം രാത്രിയില്‍ വാഹനമോടിക്കുന്നത് നിരോധിക്കുന്നതാണ് ആദ്യ നിര്‍ദ്ദേശം. അതുപോലെ അവര്‍ ഓടിക്കുന്ന വാഹനങ്ങളില്‍ യത്രചെയ്യുന്നവരുടെ എണ്ണവും നിയന്ത്രിക്കും. അതിനൊപ്പം മദ്യം ഉപയോഗിക്കുന്നത് തീര്‍ത്തും വിലക്കാനും നിര്‍ദ്ദേശമുണ്ട്. മെയ് 7 ന് ആണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിംഗ് ലൈസന്‍സ്) ( ന്യൂ ഡ്രൈവഏഴ്‌സ്) ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്നത്.
ഇതിന് എല്ലാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി ഇത് എത്രയും പെട്ടെന്ന് നടപ്പാക്കണം എന്നായിരുന്നു ലേബര്‍ എം പി കിം ലെഡ്ബീറ്റര്‍ ആവശ്യപ്പെട്ടത്. പുതിയ ഡ്രൈവര്‍മാര്‍, പ്രത്യേകിച്ചും പുരുഷന്മാരാണ് അപകടങ്ങളില്‍ ഏറെയും കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്നാത് എന്ന് ആര്‍ എ സി റോഡ് സേഫ്റ്റി വക്താവ് റോഡ് ഡെന്നിസ് പറയുന്നു. അതുകൊണ്ടു തന്നെ അവരെ ഉന്നം വച്ചുകൊണ്ടുള്ള നിയന്ത്രണം എത്രയും വേഗം കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല