1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2024

സ്വന്തം ലേഖകൻ: ഒമാനില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വീസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വീസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി എത്തുന്ന സന്ദര്‍ശകര്‍ക്ക് വീസ ലഭിക്കാന്‍ കൂടുതല്‍ എളുപ്പമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ തൊഴില്‍ദാതാക്കള്‍, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍, തൊഴില്‍ദാതാക്കള്‍ അല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗം ആളുകള്‍ക്ക് വ്യത്യസ്ത ടൂറിസ്റ്റ് വീസ കള്‍ ഒമാനില്‍ ലഭ്യമാണ്. വീസ അപേക്ഷകള്‍ പൂര്‍ണ്ണമാണെങ്കില്‍ അപേക്ഷിച്ച ഉടന്‍ തന്നെ വീസ ലഭിക്കുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റോയല്‍ ഒമാന്‍ പോലിസ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഓരോ ആപ്ലിക്കേഷന്റെയും പ്രത്യേകതകള്‍ അനുസരിച്ച് വീസ പ്രോസസ്സിംഗ് സമയം വ്യത്യാസപ്പെടാം എന്നതിനാല്‍ ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് നാല് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നത് നല്ലതെന്ന് അധികൃതര്‍ അറിയിച്ചു.

വീസ പ്രൊസസ് ചെയ്തു കഴിഞ്ഞാല്‍ എക്സ്പ്രസ് വീസ കള്‍ക്ക് ഒരു മാസം, പ്രാദേശിക തൊഴിലുടമയുടെ വീസ കള്‍ക്ക് മൂന്ന് മാസം, തൊഴിലുടമയില്ലാത്ത വീസ കള്‍ക്ക് ഒരു മാസം എന്നിങ്ങനെയാണ് സാധുതാ കാലാവധി. ഈ സമയത്തിനുള്ളില്‍ തന്നെ ഒമാനില്‍ എത്താന്‍ ശ്രദ്ധിക്കണം. റോയല്‍ ഒമാന്‍ പോലീസ് വെബ്സൈറ്റ് വഴിയാണ് വീസ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഓണ്‍ലൈനായി തന്നെ ഫീസ് അടച്ചാലുടന്‍ വീസ യുടെ ഒരു പകര്‍പ്പ് ഇലക്ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്ക് അയയ്ക്കും. ഒമാൻ പോലീസ് ആണ് ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്.

അതേസമയം, ഫീസ് അടച്ചു എന്നത് കൊണ്ടു മാത്രം വീസ ഇഷ്യു ചെയ്യപ്പെടുമെന്ന് ഉറപ്പുനല്‍കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് റോയല്‍ പോലിസ് അറിയിച്ചുa. മറ്റെന്തെങ്കിലും കാരണത്താല്‍ വീസ അപേക്ഷ നിരസിക്കപ്പെടാം. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അടച്ച ഫീസ് റീഫണ്ടായി ലഭിക്കും. റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്സൈറ്റ് വഴി വേഗത്തില്‍ വീസ പ്രൊസസിംഗ് പൂര്‍ത്തിയാക്കുന്നതിന് സ്‌പോണ്‍സര്‍ വഴിയുള്ള ടൂറിസ്റ്റ് വീസ കളും എക്സ്പ്രസ് വീസ കളും കൂടി ഉള്‍പ്പെടുത്തി ഇലക്ട്രോണിക് വീസ സംവിധാനം വിപുലീകരിച്ചതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.