സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പുതിയ അഞ്ചു പൗണ്ട് നോട്ടുകളുടെ വ്യാജന്‍ വിലസുന്നു, ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഏറെ സുരക്ഷാ മുന്‍കരുതലോടെ പുറത്തിറക്കിയ പുതിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടുകളുടെ വ്യാജനാണ് കോണ്‍വാളിലെ വെയ്ഡ് ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നോട്ടുകള്‍ വ്യാജനാണെന്ന് സ്ഥിരീകരിച്ചതോടെ ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
വ്യാജനോട്ടുകള്‍ കൈവശമെത്തിയാല്‍ ഉടന്‍ അടുത്തുള്ള ബാങ്ക് ശാഖയില്‍ ഏല്‍പിക്കുകയോ 101 എന്ന നമ്പരില്‍ വിളിച്ചു പൊലീസില്‍ വിവരം അറിയിക്കുകയോ ചെയ്യണമെന്നാണു നിര്‍ദേശം. നേരത്തെ ഡോര്‍സെറ്റ് പൊലീസ് ഇത്തരത്തിലുള്ള വ്യാജനോട്ടുകള്‍ കണ്ടതായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പഴയ അഞ്ചുപൗണ്ട് നോട്ടുകള്‍ക്കുപകരം പുതിയ പോളിമര്‍ നോട്ടുകള്‍ വിപണിയില്‍ ഇറക്കിയത്.
വ്യാജനോട്ടു നിര്‍മാണം എളുപ്പമല്ലാത്ത തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണു പുതിയ പോളിമര്‍ നോട്ടുകളുടെ രൂപകല്‍പന എന്നായിരുന്നു റോയല്‍ മിന്റിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും അവകാശവാദം. ഇതിനിടെയാണു പുത്തന്‍ നോട്ടുകളില്‍ വ്യാജന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വ്യാജ കറന്‍സികള്‍ വ്യാപകമായ ബ്രിട്ടനില്‍ നിലവിലുണ്ടായിരുന്ന ഒരു പൗണ്ട് നാണയത്തില്‍ മുപ്പതില്‍ ഒരെണ്ണം വീതം വ്യാജനാണെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്ക്.
രാജ്ഞിയുടെ മുഖചിത്രത്തോടൊപ്പം മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രവും ആലേഖനം ചെയ്ത അഞ്ചുപൗണ്ട് നോട്ടുകള്‍ തുടക്കത്തിലെ വിവാദം സൃഷ്ടിച്ചിരുന്നു. നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സസ്യാഹാരികളും ഹിന്ദു, സിഖ് മതവിശ്വാസികളും നോട്ടു പിന്‍വലിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തി. വളരെ നേരിയതോതിലേ മൃഗകൊഴുപ്പിന്റെ അംശം നോട്ടുകളില്‍ അടങ്ങിയിട്ടുള്ളൂ എന്ന് വിശദീരണം നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിവാദത്തില്‍ നിന്ന് തലയൂരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല