സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പുതിയ നിയമനങ്ങള്‍ക്കായി പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം. ജീവനക്കാരുടെ ക്ഷാമം മൂലം ഇക്കഴിഞ്ഞ അവധിക്കാലത്ത് ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ വലഞ്ഞിരുന്നു. രണ്ടു മുതല്‍ രണ്ടര മണിക്കൂറോളമാണ് മിക്ക യാത്രക്കാര്‍ക്കും എമിഗ്രെഷനായി കാത്ത് നില്‍ക്കേണ്ടി വന്നത്.
ചിലവ് ചുരുക്കലിന്റെ ഭാഗമായി ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരെ വെട്ടിച്ചുരുക്കിയതാണ് ഇമ്മിഗ്രെഷന്‍ വിഭാഗത്തിന് തലവേദനയായത്. അതിനാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഇമിഗ്രെഷന്‍ വിഭാഗം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് പുതിയ ഫ്‌ലൈറ്റ് ടാക്‌സ് എന്ന പോംവഴിയിലേക്ക് അധികൃതരെ എത്തിച്ചത്.
വിന്നാല്‍ വിമാന യാത്രക്കാരുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തി പണം കണ്ടെത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ നികുതിയാണ് ബ്രിട്ടനിലെ യാത്രക്കാരില്‍ നിന്നും നിലവില്‍ ഈടാക്കുന്നതെന്നും പുതിയ നിര്‍ദ്ദേശം സാധാരണക്കാരായ കുടുംബങ്ങളെ ബാധിക്കുമെന്നും ടോറി എംപി ഗ്രാന്റ് ഷാപ്പ്‌സ് പറയുന്നു. അതേസമയം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് നീങ്ങുകയാണ്.
നിലവില്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി ഇനത്തില്‍ 78 പൗണ്ടാണ് ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര യാത്രികരില്‍ നിന്നും ഈടാക്കുന്നത്. ഇതിന് പുറമെയാണ് ഫ്‌ലൈറ്റ് ടാക്‌സ് എന്ന പേരില്‍ യാത്രക്കാര്‍ക്കുമേല്‍ അധിക നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല