സ്വന്തം ലേഖകൻ: സെപ്റ്റംബറില്‍ ബ്രിട്ടനിലെ ഗതാഗത നിയമങ്ങളിലടക്കം നിരവധി മാറ്റങ്ങള്‍ വരികയാണ്. പുതിയ നമ്പര്‍ പ്ലേറ്റുകളും, പുതിയ ഇന്ധന ചാര്‍ജ്ജുകളും എത്തും. ഏറ്റവും പ്രധാനപ്പെട്ടത് സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരുന്ന പുതിയ നമ്പര്‍ പ്ലേറ്റാണ്. ഫോര്‍കോര്‍ട്ടുകളും ഡീലര്‍മാരും പുതിയ ’74’ ഐഡന്റിഫയറോടുകൂടിയ നമ്പര്‍പ്ലേറ്റുകളുമായി എത്തിക്കഴിഞ്ഞു.
മാര്‍ച്ച് 1 ന് ഇറക്കിയ ’24’ ഐഡന്റിഫയര്‍ നമ്പര്‍ പ്ലേറ്റിന് ശേഷം ഈ വര്‍ഷം ഇറക്കുന്ന രണ്ടാമത്തെ നമ്പര്‍ പ്ലേറ്റാണിത്. 2001 മുതല്‍ പിന്തുടരുന്ന പതിവാണിത്. നിരത്തിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഏതാണ് ഏറ്റവും പുതിയ മോഡലെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. മാത്രമല്ല, പഴയ വാഹനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്റെ വിലയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
സെപ്റ്റംബര്‍ മാസം മുതല്‍ നിലവില്‍ വരുന്ന മറ്റൊരു പുതിയ കാര്യം, കമ്പനി കാര്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് പുതിയ ഇന്ധന ചാര്‍ജ്ജില്‍ പുതിയ നിരക്കുകള്‍ വരും എന്നതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ നിരക്ക് മൈലിന് 7 പെന്‍സ് ആയി കുറയും. മാര്‍ച്ചില്‍ 9 പെന്‍സ് ആയിരുന്ന ഇത് ജൂണില്‍ 8 പെന്‍സില്‍ എത്തിയിരുന്നു. പെട്രോള്‍ ഡീസല്‍ കാറുകളുടെ കാര്യത്തിലും നിരക്കില്‍ വ്യത്യാസം വരും. എന്നാല്‍, എല്‍ പി ജി വാഹനങ്ങളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല.
അള്‍ട്രാ ലോ എമിഷന്‍ സോണ്‍ സ്‌ക്രാപ്പേജ് പദ്ധതി വരുന്ന സെപ്റ്റംബര്‍ 7 ഓടെ അവസാനിക്കും എന്നതാണ് മറ്റൊന്ന്. പഴയ കാറുകള്‍ മാറ്റി പുതിയ യുലെസ് മാനദണ്ഡങ്ങളുമായി ഒത്തുപോകുന്ന വാഹനങ്ങള്‍ വാങ്ങുന്നതിന് സഹായമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി വന്‍ വിജയമാണെന്നാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അവകാശപ്പെടുന്നത്. അതുപോലെ സില്‍വര്‍ടൗണ്‍, ബ്ലാക്ക് വാള്‍ ടണലുകളുടെ യൂസര്‍ ചാര്‍ജ്ജുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ സെപ്റ്റംബര്‍ 3 ന് അവസാനിക്കും. 2025 ല്‍ ആയിരിക്കും ഇവ പ്രവര്‍ത്തനക്ഷമമാകുക. അപ്പോള്‍ ഈടാക്കേണ്ട യൂസര്‍ ഫീസുമായി ബന്ധപ്പെട്ടാണ് കണ്‍സള്‍ട്ടേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല