1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡബ്ല്യു.പി.എസ് സംവിധാനം രാജ്യത്ത് നടപ്പിലാക്കിയിട്ട് ഒരു വർഷം തികയുന്നു. ഒരു വർഷം തികഞ്ഞ പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് കഴിഞ്ഞ നവംബർ വരെ 50 ശതമാനവും ഈ വർഷം ജനുവരി ഒമ്പത് മുതൽ 100 ശതമാനവും വേജ് പ്രൊട്ടക്ഷൻ സിസ്റ്റം കൈവരിക്കാൻ നിർദേശങ്ങൾ നൽകിയിരുന്നു. ഇത് ലംഘിച്ചവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചെറിയ സ്ഥാപനങ്ങൾക്ക് ഈ വർഷം മാർച്ച് ഒമ്പത് വരെയാണ് സമയം നൽകിയിരിക്കുന്നത്. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ പിഴ നൽകേണ്ടിവരും. 50 റിയാൽ ആണ് പിഴ ചുമത്തുക. പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനം താത്കാലികമായി നിർത്തലാക്കും. അതിന് ശേഷം ആണ് പിഴ ഈടാക്കുക. തെറ്റ് വീണ്ടും ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കും.

ചില സ്ഥാപനങ്ങൾ ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അവർ പുതയി സംവിധാനത്തിലൂടെ ശമ്പളം കെെമാറാൻ തയ്യാറായിട്ടില്ല. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ്, അതോറിറ്റി ഫോർ സ്‌മോൾ ആൻഡ് മീഡിയം എന്‍റർപ്രൈസസ് ഡെവലപ്‌മെന്‍റ് എന്നിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ബാങ്കുകൾ വഴി, അല്ലെങ്കിൽ രാജ്യത്ത് അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികൾക്ക് വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണ്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആണ് ഒമാൻ ഈ രീതി തുടരുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡേറ്റാബേസ് സ്ഥാപിക്കുന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. തൊഴിലുടമ -തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.