1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2012

മോളിവുഡിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിയ്ക്കുകയാണ് കഴിഞ്ഞുപോയ വേനല്‍ക്കാലം. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ബോക്‌സ് ഓഫീസ് വിജയഗാഥ ഏപ്രില്‍, മെയ് മാസങ്ങളിലും തുടര്‍ന്നതോടെ മലയാള സിനിമാവിപണി ഏറെ ആശ്വാസത്തിലാണ്. അവസാനത്തെ രണ്ടരമാസക്കാലം കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സമ്മര്‍ സീസണായിരുന്നുവെന്ന് ഏവരും ഒരേ സ്വരത്തോടെ പറയുന്നു. ചെറിയ ബജറ്റില്‍ നിര്‍മിച്ച ഒരുപിടി ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടിയത് മലയാളസിനിമയില്‍ മാറ്റത്തിന്റെ പാതയിലാണെന്നതിന് വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

പ്രമേയത്തില്‍ അല്ലെങ്കില്‍ അവതരണത്തില്‍ പുതുമ സമ്മാനിച്ച സിനിമകളാണ് വേനലവധിക്കാലത്ത് പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ചത്. ഓര്‍ഡിനറി, 22 ഫീമെയില്‍ കോട്ടയം, മല്ലുസിങ്, ഡയമണ്ട് നെക്‌ലേസ് എന്നീ സിനിമകള്‍ അമ്പരിപ്പിയ്ക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ മായാമോഹിനി നേടിയ ബ്ലോക് ബസ്റ്റര്‍ വിജയം മാത്രമാണ് ഈ ട്രെന്റിന് എതിരെന്ന് പറയാവുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം വീണപ്പോള്‍ നേടിയ വിജയം ദിലീപിന് ഏറെ ആശ്വാസം പകരുമെന്ന കാര്യമുറപ്പാണ്.

മാര്‍ച്ച് 17ന് തിയറ്ററുകളിലെത്തിയ ഓര്‍ഡിനറിയാണ് സീസണിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. സുഗീതെന്ന നവാഗതന്റെ സംവിധാനത്തിലെത്തിയ ചിത്രം നേടിയ വിജയം കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും താരമൂല്യം കുത്തനെ ഉയര്‍ത്താന്‍ സഹായകരമായി. 3 കോടി രൂപ ചെലവായ ചിത്രം 60 ദിവസം കൊണ്ടു വാരിയത് 14.4 കോടി രൂപയാണ്. ആരും പ്രതീക്ഷിയ്ക്കാത്ത എക്‌സ്ട്ര ഓര്‍ഡിനറി പ്രകടനം കാഴ്ചവച്ചതോടെ സമ്മര്‍ സീസണിന് മികച്ച തുടക്കമാണ് ലഭിച്ചത്.

ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തിയ മായാമോഹിനിയും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ സ്ത്രീവേഷം ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയെങ്കിലും ഈ വര്‍ഷത്തെ ബംപര്‍ ഹിറ്റായി ചിത്രംമാറി. ജോസ് തോമാസ് സംവിധാനം ചെയ്ത സിനിമ 4.5 കോടി രൂപയിലാണ് ഫസ്റ്റ് പ്രിന്റായത്. എന്നാല്‍ മെയ് ഏഴാവുമ്പോഴേക്കും 20 കോടി രൂപ നിര്‍മാതാവിന് നേടിക്കൊടുത്ത് മായാമോഹിനി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു.

ആഷിക് അബു എന്ന സംവിധായകന്റെ ധീരമായ ചുവടുവയ്പ്പിന് അര്‍ഹിച്ച പ്രതിഫലമാണ് 22 ഫീമെയില്‍ കോട്ടയം എന്ന ചെറിയ ചിത്രം നേടിയ വലിയ വിജയം. നിരൂപകര്‍ ഒന്നടങ്കം പിന്തുണച്ച ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ പോസറ്റീവായും നെഗറ്റീവായും അഭിപ്രായങ്ങള്‍ വന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ സിനിമ വെന്നിക്കൊടി പാറിച്ചു.

സിനിമക്കെതിരെ വിമര്‍ശനങ്ങള്‍ പോലും പരസ്യമാക്കി മാറ്റാനുള്ള അണിയറപ്രവര്‍ത്തകരുടെ മിടുക്കും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഇമേജുകള്‍ തകര്‍ത്തെറിഞ്ഞുള്ള ഫഹദ് ഫാസിലിന്റെയും റിമ കല്ലിങ്ങലിന്റെയും അഭിനയപാടവമാണ് സിനിമയ്ക്ക് മുതല്‍ക്കൂട്ടായത്. അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമയെന്ന ബഹുമതിയും 22 ഫീമെയില്‍ കോട്ടയത്തിന് കൈവന്നു. 42 സെന്ററുകളില്‍ നിന്നായി 22 ഫീമെയില്‍ കോട്ടയം 4.5 കോടി രൂപ ഗ്രോസ് നേടി ബോക്‌സ് ഓഫീസിലും 22 എഫ്‌കെ തിളങ്ങുകയായിരുന്നു.

ആദ്യചിത്രമായ പോക്കിരിരാജയും പിന്നീടുവന്ന സീനിയേഴ്‌സിന്റെയും വിജയം ആവര്‍ത്തിയ്ക്കുകയാണ് മല്ലുസിങിലൂടെ വൈശാഖ് ചെയ്തത്. യുവതാരങ്ങളെ അണിനിരത്തി വൈശാഖ് ഒരുക്കിയ മല്ലുസിംഗ് യുവസംവിധായകന് ഹാട്രിക് നേട്ടമായി മാറിക്കഴിഞ്ഞു. മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ഗ്രാന്റ് മാസ്റ്ററിനെ കടത്തിവെട്ടി മുന്നേറിയ മല്ലു സിങിന് ഏഴ് കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.

ലാല്‍ജോസിന്റെ മുന്‍കാല ഹിറ്റുകളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ഡയമണ്ട് നെക്‌ലേസ് ഹിറ്റ് പട്ടികയില്‍ ഇടംനേടിക്കഴിഞ്ഞു. ദുബയ് നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലൂടെ ഈ സമ്മര്‍ സീസണിലെ രണ്ടാമത്തെ ഹിറ്റാണ് ഫഹദ് ഫാസില്‍ സ്വന്തമാക്കിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ഡയമണ്ട് നെക്‌ലേസ് ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളസിനിമയില്‍ ഉറച്ചുനില്‍ക്കുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വാണിജ്യചിത്രങ്ങള്‍ക്ക് വന്‍ ഇനീഷ്യല്‍ കളക്ഷന്‍ പോലും സ്വന്തമാക്കാന്‍ കഴിയാഞ്ഞത് മറ്റു ചില ചിന്തകളാണ് ഉയര്‍ത്തിവിടുന്നത്. ഇനിയും കരുതലോടെ മുന്നോട്ടുനീങ്ങിയില്ലെങ്കില്‍ ഇവരുടെ താരപ്രഭാവം ഇനിയുണ്ടാവില്ലെന്ന് തന്നെ ഉറപ്പിച്ചു പറായം.

യുവതാര നിരയില്‍ മുന്നില്‍ നില്‍ക്കുന്ന പൃഥ്വിരാജാണ് ഈ വേനലില്‍ വാടിപ്പോയ മറ്റൊരു താരം. ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് തരക്കേടില്ലാത്ത സിനിമയെന്ന് പേരുനേടിയെങ്കിലും പ്രേക്ഷകര്‍ മുഖംതിരിച്ചതോടെ സിനിമ പരാജയം നുണഞ്ഞു. തമിഴ് നടന്‍ ശശികുമാര്‍ ഉള്‍പ്പെടെയുള്ള വന്‍താരനിര പോലും മാസ്‌റ്റേഴ്‌സിനെ രക്ഷിച്ചില്ല. ദീപന്‍ സംവിധാനം ചെയ്ത ഹീറോയ്ക്കും തിയറ്ററുകളില്‍ തരംഗം സൃഷ്ടിയ്ക്കാനാവഞ്ഞത് നടന് ക്ഷീണമായി. ഏറെ വൈകി തിയറ്ററുകളിലെത്തിയ തിരുവമ്പാടി തമ്പാനും വീണതോടെ ഈ സമ്മര്‍ ജയറാമിനും രാശിയല്ലാതായി മാറി.

ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ സമ്മര്‍ സീസണ്‍ അവസാനിയ്ക്കുമ്പോള്‍ ചിരിയ്ക്കാനുള്ള വകയുള്ളത് ഈ യുവതാരങ്ങള്‍ക്കാണ്. ബിജു മേനോന്‍ ബാബു രാജ് എന്നിവര്‍ക്ക് കരിയറില്‍ പുതിയൊരു ഇന്നിങ്‌സ് തുടങ്ങാനും കഴിഞ്ഞ രണ്ടരമാസക്കാലത്തിലൂടെ കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.