ഇനിമുതല്‍ വിദേശികളെ വിവാഹം ചെയ്ത് യുകെയില്‍ താമസിക്കണമെങ്കില്‍ ബ്രട്ടീഷുകാരുടെ വാര്‍ഷിക ശമ്പളം ഇരുപതിനായിരം പൗണ്ടിനു മുകളിലായിരിക്കണം. ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ കരടിലാണ് ഈ നിര്‍ദ്ദേശങ്ങളുളളത്. കുട്ടികളുളള ഒരു പങ്കാളിയെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വാര്‍ഷിക ശമ്പളം മുപ്പതിനായിരം പൗണ്ടിന് മുകളിലായിരിക്കണം. ഇതിന് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മാറ്റം വരാം. പുതിയ നിയമമനുസരിച്ച് വരുമാനം കുറവായ ബ്രിട്ടീഷുകാര്‍ വിദേശികളായ ആരെയെങ്കിലും വിവാഹം കഴിക്കണമെങ്കില്‍ മറ്റൊരു രാജ്യത്തേക്ക് കുടിയേറേണ്ടിവരും.
ഇത്തരത്തില്‍ വിവാഹിതരാകുന്നവര്‍ക്ക് ബ്രിട്ടനോടുളള വിധേയത്വവും കൂറും വിലയിരുത്താനായി ഇനിമുതല്‍ കംബൈയ്ന്‍ഡ് അറ്റാച്ച്‌മെന്റ് ടെസ്റ്റും പാസ്സാകണം. അതേപോലെ അഞ്ചുവര്‍ഷത്തെ പ്രോബേഷന്‍ പീരീഡും പാസ്സായാല്‍ മാത്രമേ പൗരത്വം അനുവദിക്കേണ്ടതുളളു എന്നും തീരുമാനിച്ചു. നിലവിലെ പ്രോബേഷന്‍ കാലാവധി രണ്ട് വര്‍ഷമാണ്. വര്‍ഷം തോറും രണ്ടരലക്ഷം പേരാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നതെന്നാണ് കണക്ക്. ഇത് ഇരുപത്തിഅയ്യായിരമായി കുറയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ ഹോം ഓഫീസ് ലക്ഷ്യമിടുന്നതെന്ന് ഹോം സെക്രട്ടറി തെരേസാമേയ് പറഞ്ഞു. യുകെയിലെ ഉദാരമായ വെല്‍ഫെയര്‍ സിസ്റ്റത്തിന്റെ ഗുണം കിട്ടാനായി വിദേശികള്‍ യുകെക്കാരെ വിവാഹം കഴിക്കുന്നത് പതിവായതോടെയാണ് ഇത്തരമൊരു നിയന്ത്രണമേര്‍പ്പെടുത്താന്‍ ഹോം ഓഫീസ് തയ്യാറായത്.
വിദേശികളായ ക്രിമിനലുകളെ നാടുകടത്താന്‍ രാജ്യത്തെ ജഡ്ജിമാര്‍ക്കുളള അധികാരം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും മേയ് ആഹ്വാനം ചെയ്തു. നിലവില്‍ ഈ അധികാരം ജഡ്ജിമാര്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നില്ലെന്നും മേയ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.എന്നാല്‍ പുതിയ നിര്‍ദ്ദേശം സാമൂഹിക അസമത്വത്തിന് കാരണമാകുമെന്ന് ലേബര്‍ പാര്‍ട്ടി വിമര്‍ശിച്ചു. പാവപ്പെട്ടവന് വിദേശത്തുളള ഒരാളുമായി പ്രണയിക്കാന്‍ അവകാശമില്ലന്നും എന്നാല്‍ സമ്പന്നനായ ഒരാള്‍ക്ക് അതാകാമെന്നുമുളള തരത്തിലുളള നിയമങ്ങള്‍ സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ വക്താവ് ക്രിസ് ബ്രയാന്ത് പറഞ്ഞു.
വിദേശികളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്രട്ടീഷുകാര്‍ ഗവണ്‍മെന്റില്‍ ഒരു നിശ്ചിത തുക കെട്ടിവെയ്ക്കുകയും കുടിയേറ്റക്കാരായ പങ്കാളി ഗവണ്‍മെന്റ് ആനുകൂല്യം ആവശ്യപ്പെട്ടാല്‍ ഈ ബോണ്ട് തുകയില്‍ നിന്ന് ആനൂകൂല്യമായി ആവശ്യപ്പെട്ട തുക കുറവ് ചെയ്യുകയും ചെയ്യുന്നതാണ് നിലവിലെ നിര്‍ദ്ദേശത്തെക്കാള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന നിയമമെന്നും ബ്രയാന്ത് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല