സ്വന്തം ലേഖകൻ: ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകൾ അറിയാനുള്ള കെവൈസി (നോ യുവർ കസ്റ്റമർ) മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് കീറാമുട്ടിയാകുന്നതായി പരാതി. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിന് പുതിയ കെവൈസി സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രവാസികളുടെ അഭിപ്രായം. അതുകൊണ്ട്, പഴയ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യം ഉയരുന്നുണ്ട്.
പുതിയ നിയമപ്രകാരം, രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് പ്രവാസികൾ അടക്കമുള്ള എല്ലാ നിക്ഷേപകരും തങ്ങളുടെ സ്ഥിര മേൽവിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കള്ളപ്പണവും ബിനാമി ഇടപാടുകളും തടയുന്നതിനും അതുവഴി കണക്കിൽപ്പെടാത്ത പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
പഴയ സംവിധാനം അനുസരിച്ച് ഓഹരി വ്യാപാരത്തിനും അലോട്ട്‌മെന്റിനും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനുമെല്ലാം ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പാസ്‌പോർട്ട് കോപ്പി, പാൻ കാർഡ് കോപ്പി എന്നിവ ഐ.ഡി. പ്രൂഫായി സ്വീകരിച്ചിരുന്നു.
എന്നാൽ, പുതിയ നിബന്ധന അനുസരിച്ച് ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി., നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ ലെറ്റർ, പുതിയ ടെലിഫോൺ ബിൽ, ഇലക്‌ട്രിസിറ്റി ബിൽ, ഗ്യാസ് ബിൽ തുടങ്ങിയവ മാത്രമാണ് മേൽവിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളായി കണക്കാക്കുന്നത്. മാത്രമല്ല, ആതിഥേയ രാജ്യങ്ങളിൽ നിന്നുള്ള ടെലിഫോൺ, വൈദ്യുതി, ഗ്യാസ് ബില്ലുകളോ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളോ മാത്രമേ നിക്ഷേപകർക്ക് സമർപ്പിക്കാനും കഴിയുകയുള്ളു.
മിക്ക പ്രവാസികളും കമ്പനികൾ നൽകുന്ന ഇടങ്ങളിലോ ഷെയേർഡ് റൂമുകളിലോ ആണ് വിദേശത്ത് താമസിക്കുന്നത്. ഇത്തരം ഇടങ്ങളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ പേരിലുള്ള ബില്ലുകൾ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മേൽവിലാസം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ ഇല്ലാത്തതിനാൽ അപേക്ഷകൾ തള്ളുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല