സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഫീസില്ലാതെ മാറ്റി നല്‍കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം സമ്മതിച്ചു. വ്യത്യസ്ത കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കു കീഴിലെ വിദേശ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ഗുണം ചെയ്യുക.
സര്‍ക്കാര്‍ പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാമായും പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കാനും തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റിനല്‍കുന്നതിന് അടുത്തിടെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ കരാറുകള്‍ എടുക്കുന്ന പുതിയ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം.
പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസാ ഫീസും മറ്റു തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനുള്ള ഫീസും ലാഭിക്കാന്‍ ഇതിലൂടെ കരാറുകാര്‍ക്ക് സാധിക്കും. പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സമയം ലാഭിക്കാനും പരിചയസമ്പത്തില്ലാത്ത തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം അനുഭവ പരിചയമുള്ള വിദഗ്ദ തൊഴിലാളികളെ സംഘറ്റിപ്പിക്കാനും ഇതോടെ എളുപ്പമാവും.
മുടങ്ങി കിടക്കുന്ന പദ്ധതികള്‍ക്കു കീഴിലെ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്, പദ്ധതികളുടെ കരാര്‍ പുതുതായി ഏറ്റെടുക്കുന്ന കമ്പനികളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും പേരിലേക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം നേരത്തെ തൊഴില്‍ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. ഫീസില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുന്നതിന്, മുടങ്ങിയ പദ്ധതികള്‍ക്കു കീഴിലെ തൊഴിലാളികളുടെ പേരുവിരങ്ങള്‍ അടങ്ങിയ പട്ടിക പുതിയ കരാറുകാരന്‍ തയാറാക്കണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെടുന്നു.
പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഈ പട്ടികയില്‍ ഒപ്പു വക്കുകയും വേണം. തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് തന്റെ സ്ഥാപനത്തിലേക്ക് മാറ്റിനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക അപേക്ഷക്കൊപ്പം ഈ പട്ടിക പുതിയ കരാറുകാരന്‍ പിന്നീട് തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. പഴയ കോണ്‍ട്രാക്ടറുടെ സമ്മതമില്ലാതെ തന്നെ തൊഴിലാളികളുടെ കഫാല പുതിയ കരാറുകാരന്റെ പേരിലേക്ക് മാറ്റാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ തൊഴില്‍ മന്ത്രാലയം പൂര്‍ത്തിയാക്കും.
സൗജന്യമായി കഫാല മാറ്റി നല്‍കുന്ന തൊഴിലാളികള്‍, സര്‍ക്കാര്‍ വകുപ്പുമായി ഒപ്പുവെച്ച കരാര്‍ പ്രകാരമുള്ള പദ്ധതി നടപ്പാക്കുന്നതിന് റിക്രൂട്ട് ചെയ്തവരോ പദ്ധതിയില്‍ ജോലി ചെയ്യുന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയവരോ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. പുതിയ കരാറുകാരന് തൊഴിലാളികളെ ആവശ്യമാണെന്ന് വ്യക്തമാക്കി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് നല്‍കുന്ന സമ്മത പത്രം പുതിയ കരാറുകാരന്‍ ലേബര്‍ ഓഫീസിന് സമര്‍പ്പിക്കണം. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എത്ര തൊഴിലാളികളെ ആവശ്യമാണെന്ന കാര്യം കണക്കിലെടുത്തായിരിക്കും തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റിനല്‍കുക.
എന്നാല്‍ നിതാഖാത്ത് പ്രകാരമുള്ള സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പുതിയ കോണ്‍ട്രാക്ടര്‍ പാലിക്കാന്‍ ബാധ്യസ്ഥനായിരിക്കും. പഴയ കോണ്‍ട്രാക്ടര്‍ക്കു കീഴിലെ സ്വദേശി ജീവനക്കാര്‍ താല്‍പര്യപ്പെടുന്ന പക്ഷം അവരുടെ തൊഴില്‍ കരാറുകള്‍ പുതിയ കരാറുകാരന് തുടരാവുന്നതാണ്. ഇതിന് പുതിയ കരാറുകാരന്‍ നല്‍കുന്ന വേതനവും മറ്റു ആനുകൂല്യങ്ങളും പഴയ കരാറുകാരന്റെ പക്കല്‍ നിന്ന് ലഭിച്ചിരുന്നതിലും കുറവാകാന്‍ പാടില്ല എന്നും വ്യവ്സ്ഥയുണ്ട്. എന്നാല്‍ സ്വദേശി ജീവനക്കാരും പുതിയ കരാറുകാരനും ധാരണയില്‍ എത്തുകയാണെങ്കില്‍ വേതനത്തിലും ആനുകൂല്യങ്ങളിലും കുറവ് വരുത്താം.
റിക്രൂട്ട് ചെയ്ത തൊഴിലാളികളില്‍ ആരെങ്കിലും ഒളിച്ചോടുകയോ രാജ്യം വിടുകയോ മരണപ്പെടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പഴയ കരാറുകാരന്‍ സമര്‍ഥിക്കണം. തൊഴിലാളികളും പഴയ കരാറുകാരും തമ്മിലുള്ള അവകാശങ്ങളെല്ലാം തീര്‍ത്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തും. ഇതിനായി ഓരോ തൊഴിലാളികളുടെയും കഫാല മാറ്റ നടപടികള്‍ മന്ത്രാലയം പ്രത്യേകം പ്രത്യേകം നിരീക്ഷിക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല