1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2025

സ്വന്തം ലേഖകൻ: പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ ഇരിക്കുന്ന പുതിയ വാടക നിയമത്തിലേക്ക് ഒരു ഭേദഗതി കൂടി നിര്‍ദ്ദേശിക്കപ്പെട്ടും വാടക ഉയര്‍ത്തുന്നതിന് പരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ഈ ഭേദഗതിയെ 30ല്‍ അധികം എംപിമാരാണ് പിന്തുണച്ചിരിക്കുന്നത്. നിലവിലുള്ള വാടകക്കാര്‍ക്ക്, വാടക ഉയര്‍ത്തുമ്പോള്‍ ഒരു നിശ്ചിത ശതമാനത്തിലധികം ഉയര്‍ത്തരുത് എന്നാണ് ഈ ഭേദഗതിയില്‍ പറയുന്നത്.

വാടകക്കാരെ എളുപ്പം പുറത്താക്കാന്‍ സഹായകമായ സെക്ഷന്‍ 21 എടുത്തു കളയുന്നതോടെ അവരെ ഒഴിപ്പിക്കാന്‍ വീട്ടുടമസ്ഥര്‍ വാടക വര്‍ദ്ധിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്തിയേക്കും എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പണപ്പെരുപ്പ നിരക്ക് അതല്ലെങ്കില്‍ ശരാശരി വേതന വര്‍ദ്ധനവ്, ഇതില്‍ ഏതാണോ കുറവ്, ആ നിരക്കില്‍ മാത്രമെ വാടക വര്‍ദ്ധിപ്പിക്കാവൂ എന്നാണ് ഈ ഭേദഗതിയില്‍ പറയുന്നത്.

കാരണമൊന്നും ഇല്ലാതെ തന്നെ വാടകക്കാരെ ഒഴിപ്പിക്കാന്‍ വീട്ടുടമകള്‍ക്ക് സഹായകമായ സെക്ഷന്‍ 21 (നൊ ഫോള്‍ട്ട് എവിക്ഷന്‍) എടുത്തു കളയും എന്ന് ഉറപ്പ് നല്‍കിക്കൊണ്ട് കണ്‍സര്‍വേറ്റീവ് സര്‍ക്കാരാണ് ആദ്യം പുതിയ വാടക ബില്‍ നിര്‍ദ്ദേശിച്ചത്. ഷെല്‍റ്റര്‍ ഉള്‍പ്പടെയുള്ള മിക്ക ഹൗസിംഗ് ചാരിറ്റികളും സെക്ഷന്‍ 21നെ ആണ് ബ്രിട്ടനിലെ ഭവനരാഹിത്യ പ്രശ്നത്തിന് പ്രധാന കാരണമായി കണ്ടിരുന്നത്. ഷെല്‍റ്ററിന്റെ കണക്കുകള്‍ അനുസരിച്ച്, ബ്രിട്ടനില്‍ ഓരോ ദിവസവും 500 ഓളം വാടകക്കാരെയാണ് കാരണമില്ലാതെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍, സെക്ഷന്‍ 21 എടുത്തു കളഞ്ഞാല്‍, വീട്ടുടമസ്ഥര്‍, വാടകക്കാരെ ഒഴിപ്പിക്കാന്‍ വാടക വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുമെന്ന് വാടകക്കാര്‍ക്കായി നിലകൊള്ളുന്നവര്‍ ശക്തമായി വാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്താല്‍, ഈ വര്‍ഷം വാടകയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.