സ്വന്തം ലേഖകന്‍: എവിടെ നിന്നുള്ള മിസൈല്‍ ആക്രമണവും പ്രതിരോധിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചതായി ഉത്തര കൊറിയ, മറുപടിയായി യുഎസിന്റെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. വ്യോമാക്രമണങ്ങള്‍ തടയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം ഉത്തര കൊറിയ വികസിപ്പിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ട് വിലയിരുത്താന്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതു ദിശയില്‍നിന്നുള്ള വ്യോമാക്രമണവും തടയാന്‍ കഴിയുന്നതാണ് പുതിയ സംവിധാനമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. എന്നാല്‍ ഏതു തരത്തിലുള്ള യുദ്ധോപകരണമാണ് വികസിപ്പിച്ചതെന്ന് വ്യക്തമല്ല. പരീക്ഷണം വിജയമായതോടെ വന്‍തോതില്‍ നിര്‍മാണം നടത്താന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മിസൈലുകളും ആണവായുധങ്ങളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷണല്‍ ഡിഫന്‍സ് സയന്‍സാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച വ്യോമാക്രമണ പ്രതിരോധ സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ചാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയതെന്നാണ് സൂചന. അതേസമയം, ഉത്തര കൊറിയയുടെ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പ് അമേരിക്കയും ശക്തമാക്കി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തുംമുമ്പേ ആകാശത്തുവച്ച് തകര്‍ക്കാവുന്ന പ്രതിരോധ മിസൈല്‍ (ഇന്റര്‍സെപ്റ്റര്‍) അടുത്തയാഴ്ച പരീക്ഷിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.
യുഎസ് സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകള്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന ഉത്തര കൊറിയയുടെ ഭീഷണി കണക്കിലെടുത്താണ് അമേരിക്കയുടെ മുന്നൊരുക്കം. കഴിഞ്ഞ ആഴ്ചയാണ് ജപ്പാനിലും യുഎസിന്റെ പ്രധാന സൈനിക കേന്ദ്രങ്ങളിലും എത്താന്‍ കഴിയുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല