സ്വന്തം ലേഖകൻ: ഉത്തര കൊറിയ പുതിയ ദീർഘദൂര മിസൈൽ പരീക്ഷിച്ചെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയ്ക്കുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തതെന്നും ഇതേത്തുടർന്ന് അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ പ്രതികരണവുമായെത്തിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രാദേശികസമയം രാവിലെ ഏഴേ പത്തോടെ പ്യോങ്യാങ്ങിന് സമീപത്തുനിന്നാണ് വിക്ഷേപണം നടന്നതെന്ന് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. 7000 കിലോമീറ്റർ ഉയരത്തിൽവരെ മിസൈൽ എത്തിയെന്നും ഒരു ഉത്തര കൊറിയൻ പരീക്ഷണത്തിനുള്ള ഏറ്റവും കൂടിയ ദൂരപരിധിയാണിതെന്നും ജപ്പാൻ പ്രതിരോധ വകുപ്പ് മന്ത്രി ജെൻ നകാതാനി അഭിപ്രായപ്പെട്ടു. ദീർഘദൂര ബാലിസ്റ്റിക് വിഭാഗത്തിലാണ് ഇപ്പോൾ പരീക്ഷിച്ച മിസൈൽ ഉൾപ്പെടുന്നതെന്ന് ദക്ഷിണ കൊറിയയുടെ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.
അമേരിക്കൻ ഭൂഖണ്ഡത്തിലെത്താൻ സാധ്യതയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം) സാങ്കേതികവിദ്യയിൽ ഉത്തരകൊറിയ കൈവരിച്ച തുടർച്ചയായ പുരോഗതിയുടെ ഭാഗമാണ് ഈ പരീക്ഷണം എന്ന് വിദഗ്ധർ സംശയിക്കുന്നു. യു.എസ് റേഞ്ച് ശേഷിയുള്ള ഒരു ഐ.സി.ബി.എം പരീക്ഷിക്കാൻ ഉത്തര കൊറിയ തയ്യാറെടുത്തുവെന്നും അവർ ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കാമെന്നും ദക്ഷിണ കൊറിയയുടെ സൈന്യം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ വിക്ഷേപണവുമായി ബന്ധപ്പെട്ട വാർത്തകൾ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് ഉത്തരകൊറിയയുടെ നടപടികളെ അപലപിച്ചു. ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ ലംഘനവും പ്രാദേശിക സംഘർഷം വർധിപ്പിക്കുന്ന പ്രകോപനവുമാണിതെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.
റഷ്യയുമായി കൂടുതൽ സഹകരണത്തിന് ഉത്തര കൊറിയ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മിസൈൽ പരീക്ഷണ വാർത്തയും പുറത്തുവന്നിരിക്കുന്നത്. റഷ്യൻ യൂണിഫോം ധരിച്ച ഉത്തര കൊറിയൻ സൈന്യം യുക്രൈൻ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വെളിപ്പെടുത്തിയിരുന്നു. 11,000 ഉത്തര കൊറിയൻ സൈനികർ നിലവിൽ റഷ്യയിലുണ്ടെന്നാണ് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 3000 പേർ സജീവമായ യുദ്ധമുഖത്തുതന്നെയാണെന്നും ഏജൻസി പറയുന്നു.
ഉത്തര കൊറിയ റഷ്യക്ക് പിന്തുണ നൽകുന്നത് വർധിപ്പിച്ചാൽ അത് ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന അപകടകരമായ സാങ്കേതികവിദ്യയും വിഭവങ്ങളുടേയും കൈമാറ്റത്തിലേക്ക് നയിക്കുമെന്നും ഇത് പ്യോങ്യാങ് മിസൈൽ പദ്ധതി ശക്തിപ്പെടുത്താനും ഇടയാക്കുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല