സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പൂവണിയുന്നത് കേരളത്തിന്റെ ദീര്‍ഘ നാളത്തെ പരിശ്രമമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്ക, പ്രവാസി മന്ത്രി കെസി ജോസഫും കേന്ദ്രവുമായി ഇക്കാര്യം ഉന്നയിച്ച് നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നു.
ഒപ്പം കുവൈത്തിലെ ഇന്ത്യന്‍ എംബസിയും പ്രശ്‌നത്തില്‍ സജീവമായി ഇടപെടല്‍ നടത്തി. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് രംഗത്ത് തട്ടിപ്പുകള്‍ വ്യാപകമാകുകയും ഇരയാകുന്ന പാവപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ അംബാസഡര്‍ സുനില്‍ ജെയിന്‍ വിഷയം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
അടുത്തിടെ കുവൈത്ത് സന്ദര്‍ശിച്ച മന്ത്രി കെസി ജോസഫ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടപടികള്‍ ഏറ്റെടുത്തു നടത്താന്‍ കേരള സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ ഗുജറാത്തില്‍ നടന്ന പ്രവാസി ദിവസ് സമ്മേളനത്തിലും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഏപ്രില്‍ 30 മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമായിരിക്കും. വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കില്‍ ആദ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സി വഴിയായിരിക്കും റിക്രൂട്ട്‌മെന്റ്.
കേരളത്തില്‍ നോര്‍ക്ക റൂട്ട്‌സിനും ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സിനു (ഒഡിഇപിസി) മാണ് റിക്രൂട്ടിങ് ചുമതല.
നിലവില്‍ ഇന്ത്യയിലേയും വിദേശത്തേയും സ്വകാര്യ ഏജന്‍സികള്‍ കൈ കോര്‍ത്ത് വന്‍ തട്ടിപ്പാണ് ഈ മേഖലയില്‍ നടക്കുന്നത്. കുവൈത്തില്‍ നഴ്‌സിംഗ് ജോലിക്ക് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ടെസ്റ്റ് പാസായി ലൈസന്‍സ് ലഭിക്കുന്നതിന് നാമമാത്രമായ ചെലവേയുള്ളു. എന്നാല്‍ 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഇരു രാജ്യങ്ങളിലേയും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പിഴിയുന്നത്. ഇത്രയും തുക നല്‍കി കുവൈത്തില്‍ എത്തിയിട്ടും ജോലി ലഭിക്കാതെ ചതിക്കപ്പെട്ടവരും ഒരുപാടുണ്ട്. കുവൈത്തിലെ നഴ്‌സിംഗ് മേഖലയില്‍ ഭൂരിഭാഗവും മലയാളികളായതിനാല്‍ തട്ടിപ്പിനിരയാവുന്നതും മലയാളികള്‍ തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല