1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2017

 

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പുതിയ ഒരു പൗണ്ട് നാണയമെത്തി, വ്യാജനെ തടയാന്‍ വന്‍ സുരക്ഷാ മുന്‍കരുതലുകള്‍, പഴയ നാണയം ഒക്ടോബര്‍ 15 വരെ മാറ്റിവാങ്ങാം. കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയാണ് തെരേസാ മേയ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ഒരു പൗണ്ട് നാണയം അവതരിപ്പിച്ചത്. തിളക്കമേറിയ 12 വശങ്ങളുള്ള നാണയത്തില്‍ വ്യാജനെ തടയാന്‍ സുരക്ഷാ മുദ്രകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൈക്രോ ലെറ്ററിങ്ങും നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത നേര്‍ത്ത മുദ്രകളും പുതിയ നാണയത്തിലുണ്ട്. ഒരു വശത്ത് എലിസബത്ത് രാജ്ഞിയുടെ ചിത്രവും മറുവശത്ത് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, ഉത്തര അയര്‍ലന്‍ഡ് എന്നീ സ്‌റ്റേറ്റുകളെ സൂചിപ്പിക്കുന്ന പുഷ്പങ്ങളടങ്ങിയ മുദ്രയുമായാണ് നാണയത്തിന്റെ രൂപകല്‍പ്പന.

വന്‍തോതില്‍ കള്ളനാണയങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ നാണയമിറക്കാന്‍ റോയല്‍ മിന്റ് തീരുമാനിച്ചത്. പഴയ നാണയങ്ങളുടെ എണ്ണം 130 കോടി വരുമെന്നാണു കണക്ക്. ഇതോടെ ഇവ പൂര്‍ണമായും വിനിമയ യോഗ്യം അല്ലാതായി മാറും. എന്നാല്‍ ഇവ മാറിയെടുക്കാന്‍ ആറു മാസം കൂടി സമയം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 ആകുമ്പോഴേക്കും പഴയ നാണയങ്ങള്‍ പൂര്‍ണമായി വിനിമയം അവസാനിപ്പിക്കും.

1983 ന് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ ഒരു പൗണ്ട് നാണയമാണിത്. പുതിയ നാണയം രൂപകല്‍പ്പന ചെയ്തത് ക്യൂന്‍ മേരീസ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഡേവിഡ് പിയേര്‍സാണ്. റോയല്‍ മിന്റ് കോംപറ്റീഷനില്‍ ആറായിരത്തോളം എന്‍ട്രികളോട് മത്സരിച്ചാണ് 15കാരനായ ഡേവിഡ് പിയേഴ്‌സിന്റെ ഡിസൈനിന് അംഗീകാരം ലഭിച്ചത്.

പുതിയ നാണയം ഇറക്കുന്നകാര്യം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും രാജ്യത്ത് പലയിടത്തും പാര്‍ക്കിങ്, വെന്‍ഡിങ് മെഷീനുകളില്‍ വേണ്ട മാറ്റങ്ങള്‍ ഇനിയും വരുത്തിയിട്ടില്ല. പൂര്‍ണമായും ഈ മാറ്റം വരുന്നതുവരെ പലയിടങ്ങളിലും ആളുകള്‍ പുതിയ നാണയങ്ങളുമായി എന്തു ചെയ്യുമെന്ന ആശങ്കയും ചിലര്‍ പങ്കുവക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.