1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2025

സ്വന്തം ലേഖകൻ: യുഎസിലെ ന്യൂ ഓർലിയൻസ് നഗരത്തിൽ പുതുവത്സരാഘോഷത്തിനിടയ്ക്ക് ട്രക്ക് ജനക്കൂട്ടത്തിനിടയ്ക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ അപകടം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. സംഭവത്തിൽ 15 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആഘോഷങ്ങൾക്കിടെ ഒരു ട്രക്ക് അമിതവേഗതയിൽ ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിവന്ന് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. അക്രമിയായ ഷംസുദ് ദിൻ ജബ്ബാറിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കുണ്ട്.

പുലർച്ചെ 3.15ഓടെ നഗരത്തിലെ പ്രസിദ്ധമായ ബോർബോൺ തെരുവും ഐബർവില്ലെ തെരുവും കൂടിച്ചേരുന്ന നഗരത്തിന് സമീപം പുതുവർഷ ആഘോഷങ്ങളിലായിരുന്നു ജനങ്ങൾ. ജനക്കൂട്ടത്തിനിടയിലേക്ക് അമിത വേഗത്തിൽ എത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണം നടത്തിയ ജബ്ബാർ (42) ടെക്സാസിൽ താമസിക്കുന്ന യുഎസ് പൗരനാണ്.

അപകടത്തിനായി ഉപയോഗിച്ച ട്രക്ക് മോഷ്ടിച്ച് കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പ് മെക്സിക്കോയിൽ നിന്ന് ടെക്സസിലെ ഈഗിൾ പാസ് വഴി യുഎസിലേക്ക് കടത്തിയതാണ്. സസ്പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ചാണ് ജബ്ബാർ വാഹനമോടിച്ചത്. ഇയാളുടെ വാഹനത്തില്‍ നിന്ന് ഐഎസ് പതാക കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ഉപകരണം കണ്ടെത്തിയതായി അന്വേഷണ ചുമതല ഏറ്റെടുത്ത എഫ്ബിഐ പറഞ്ഞു. ആക്രമണം ഭീകരപ്രവര്‍ത്തനം ആയിട്ടാണ് അന്വേഷിക്കുന്നതെന്നും എഫ് ബി ഐ അറിയിച്ചു. അക്രമി വാഹനം കൊണ്ട് കഴിയുന്നത്ര ആളുകളെ ഇടിക്കാന്‍ ശ്രമിച്ചതായും രണ്ട് പൊലീസുകാര്‍ക്കും വെടിയേറ്റ് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

എന്നാല്‍ ആക്രമണത്തിന് കാരണം അനധികൃത കുടിയേറ്റമാണെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യത്തുള്ള കുറ്റവാളികളെക്കാള്‍ മോശമാണ് ഇത്തരക്കാര്‍ എന്ന് താന്‍ പറഞ്ഞപ്പോള്‍ ഡെമോക്രാറ്റുകളും വ്യാജ വാര്‍ത്താ മാധ്യമങ്ങളും നിരന്തരം നിഷേധിച്ചെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.