സ്വന്തം ലേഖകൻ: ജനകീയ നേതാവും ശതകോടീശ്വരനുമായ തക്സിൻ ഷിനാവത്രയുടെ ഇളയ മകൾ പെതോങ്തൺ ഷിനാവത്ര തായ്ലൻഡിലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയും ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെ അംഗവുമായ പെതോങ്തൺ തായ്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്.
തക്സിൻ ഷിനാവത്രക്ക് പുറമെ, ബന്ധു യിങ്ലുക് ഷിനാവത്രയും പ്രധാനമന്ത്രിയായിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന ശ്രേത്ത തവിസിനെ അഴിമതിക്കേസിൽ ഭരണഘടന കോടതി പുറത്താക്കിയതോടെയാണ് പെതോങ്തൺ തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിൽ 319 വോട്ടുകളാണ് ലഭിച്ചത്.
ഉങ്-ഇംഗ് എന്ന വിളിപ്പേരിലാണ് 37-കാരിയായ പെതോങ്തൺ അറിയപ്പെടുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കുടുംബത്തിൻ്റെ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു. 2021-ൽ ഫ്യൂ തായ് പാർട്ടിയുടെ ഇൻക്ലൂഷൻ ആൻഡ് ഇന്നൊവേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ചീഫ് ആയതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആഗോള രാഷ്ട്രീയത്തിൽ യുവ നേതാക്കള്‍ക്ക് പുതിയ ആശയങ്ങളും പുതിയ കാഴ്ചപ്പാടും കൊണ്ടുവരാൻ പെതോങ്തണിന്റെ സാനിധ്യം സഹായകമാകും.
അവരുടെ അക്കാദമിക് നേട്ടങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെലുകളും നേരത്തേതന്നെ പേരുകേട്ടതാണ്. സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവയിലെ പ്രാവീണ്യം അവരുടെ രാഷ്ട്രീയ ജീവിതത്തിന് ശക്തമായ അടിത്തറയിട്ടു. മാത്രമല്ല ഫാഷൻ രംഗത്തെ പുത്തന്‍ ശൈലികളിലും യുവ പ്രധാനമന്ത്രി തിളങ്ങാറുണ്ട്. തായ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിൽ, ഈ നേതാവിന് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല