1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ആദായനികുതി അടയ്ക്കുന്നവര്‍ ഒഴികെ സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാ വിഭാഗം രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കും.ഹ്രസ്വകാല കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ പലിശ പൂര്‍ണമായും ഒഴിവാക്കാനും ഈ വര്‍ഷം പവര്‍ക്കട്ട് ഒഴിവാക്കാനും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിസമയം ഒരുമണിക്കൂര്‍ കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

സര്‍ക്കാറിന്‍െറ ആദ്യ വര്‍ഷം സപ്തധാരാ പദ്ധതികളുമായാണ് ജനങ്ങളെ നേരിട്ടതെങ്കില്‍ രണ്ടാം വര്‍ഷം ജനങ്ങളെ സമീപിക്കുന്നത് വികസന വര്‍ഷം, കാരുണ്യ വര്‍ഷം എന്ന സന്ദേശവുമായാണ്. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ച 100 ദിന പദ്ധതികളുടെ തുടര്‍ച്ചയായാണ് വികസനത്തിനായി സപ്തധാരാ പദ്ധതികള്‍ പ്രഖ്യാപിച്ചത്. രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാരുണ്യത്തിന് മുന്‍ഗണന നല്‍കാന്‍ കാരണമായത് ജനസമ്പര്‍ക്ക പരിപാടികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട 4500 കുട്ടികള്‍ക്ക് പഠിക്കാന്‍ സ്നേഹപൂര്‍വം പദ്ധതിയില്‍ സാമ്പത്തികസഹായം നല്‍കും. ആണ്‍മക്കളുണ്ടെങ്കിലും അവരുടെ സംരക്ഷണം ലഭിക്കാത്ത മാതാപിതാക്കളെ കൂടി വര്‍ധക്യ, വിധവാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മനോരോഗികളെ പരിചരിക്കുന്ന ബന്ധുക്കള്‍ക്ക് ആശ്വാസ കിരണ്‍ പദ്ധതിയില്‍ 400 രൂപ പ്രതിമാസം സഹായം നല്‍കും. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന രോഗികള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. സ്ത്രീ സ്വകാര്യത സംരക്ഷിക്കുന്നതിന് നിയമം നിര്‍മിക്കും. മൊബൈല്‍ കാമറയും മറ്റും ഉപയോഗിച്ച് നടത്തുന്ന ചൂഷണം തടയുകയാണ് ലക്ഷ്യം. സ്ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ 100 ല്‍ വിളിച്ചു പരാതി പറഞ്ഞാല്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി പരാതി കൈപ്പറ്റും.

റോഡ് സുരക്ഷാ സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ 525 കിലോമീറ്ററില്‍ ഏഴു കിലോമീറ്റര്‍ ഇടവിട്ട് ക്യാമറകള്‍ സ്ഥാപിക്കും. നാഷണല്‍ ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാം പിട്രോഡ നിര്‍ദേശിച്ച പത്തു പദ്ധതികളും ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.