സ്വന്തം ലേഖകന്‍: യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം. തൊഴിലാളികളുടെ തസ്തികയും യോഗ്യതയും അടിസ്ഥാനമാക്കിയാണ് വര്‍ക്ക് പെര്‍മിറ്റ് നിരക്ക് കണക്കാക്കുക. രാജ്യത്തെ കച്ചവട മേഖലകളെ മൂന്നായി തിരിച്ചാണ് തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നത്. ഒപ്പം ജോലി മാറുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളികളുടെ യോഗ്യതയ്ക്കനുസരിച്ച് വര്‍ക്ക് പെര്‍മിറ്റ് ഫീസ് വ്യത്യസ്തമായിരിക്കും. ജിസിസി തൊഴിലാളികള്‍, മല്‍സ്യബന്ധന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇളവുണ്ട്. രാജ്യത്തിന് പുറത്തുള്ള തൊഴിലാളുടെ വര്‍ക്ക് പെര്‍മിറ്റിന് 200 ദിര്‍ഹമായിരിക്കും പുതിയ നിരക്ക്. പത്തില്‍ കുറവ് തൊഴിലാളികളുള്ള ആദ്യവിഭാഗം കമ്പനിക്ക് ആളൊന്നിന് 300 ദിര്‍ഹം വീതം നിരക്ക് ഈടാക്കും. രണ്ടാം വിഭാഗത്തില്‍പെട്ട വിദഗ്ധ തൊഴിലാളികള്‍ക്ക് 500ഉം അര്‍ധ വിദഗ്ധ തൊഴിലാളിക്ക് 1200 ദിര്‍ഹമാണ് ഫീസ്.
ബി വിഭാഗത്തില്‍പെട്ട വിദഗ്ധ തൊഴിലാളിക്ക് ആയിരവും അര്‍ധ വിദഗ്ധര്‍ക്ക് 2200 ദിര്‍ഹമും നല്‍കണം. സി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 1500ഉം 2700 ദിര്‍ഹമുമായിരിക്കും. ഡി വിഭാഗം കമ്പനിയലിലെ വിദഗ്ധര്‍ക്ക് 2000 ദിര്‍ഹമും അര്‍ധ വിദഗ്ധര്‍ക്ക് 3200 ദിര്‍ഹമുമാണ് പുതുക്കിയ നിരക്ക്. മൂന്നാം വിഭാഗത്തിലെ കമ്പനിക്ക് രാജ്യത്തിന് പുറത്തുള്ള വിദഗ്ധ തൊഴിലാളിക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ 5000 ദിര്‍ഹം നല്‍കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല