സ്വന്തം ലേഖകൻ: ദുബായില്‍ നവംബര്‍ 24 മുതല്‍ രണ്ട് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സാലിക് പിജെഎസ് സി അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍. 24 -ാം തീയതി മുതല്‍ വാഹനമോടിക്കുന്നവരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നതാണ്.
ബിസിനസ് ബേ ക്രോസിംഗ് ഗേറ്റ് വരുന്നതോടെ അല്‍ ഖൈല്‍ റോഡില്‍ 12 മുതല്‍ 15 ശതമാനം വരെ ഗതാഗത കുരുക്ക് കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അല്‍ സഫ സൗത്ത് ഗേറ്റ് വരുന്നതോടെ ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് മൈദാന്‍ സ്ട്രീറ്റിലേക്കുള്ള വലത്തോട്ടുള്ള ട്രാഫിക് വോളിയത്തില്‍ 15 ശതമാനം കുറവ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിന് പുറമേ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിനും മെയ്ഡാന്‍ സ്ട്രീറ്റിനും ഇടയിലും ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റിനും അല്‍ അസയേല്‍ സ്ട്രീറ്റിനുമിടയിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുമെന്നും അധികൃതർ കരുതുന്നു.
ഈ രണ്ട് ഗേറ്റുകള്‍ കൂടി വരുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും. അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത്, അൽ ഗർഹൂദ് പാലം, അൽ മക്തൂം, എയർപോർട്ട് ടണൽ, അൽ സഫ, അൽ ബർഷ ജബൽ അലി എന്നിവയാണ് മറ്റ് എട്ട് സാലിക് ഗേറ്റുകൾ. പ്രതിമാസം സാലികില്‍ ചെലവാക്കുന്ന തുക വര്‍ധിക്കുന്നതില്‍ പലരും ആശങ്കകള്‍ പങ്കുവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല