സ്വന്തം ലേഖകന്‍: പൗരന്മാരുടെ ഡിജിറ്റല്‍ ഉപകരണങ്ങളും സംഭാഷണങ്ങളും ചോര്‍ത്താന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരം. പുതിയ നിയമ പ്രകാരം ഏതെരാളുടെയും തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന് ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണ്‍ സംഭാഷണളും സര്‍ക്കാരിന് ചോര്‍ത്താന്‍ കഴിയും. ഇതിന് ന്യായാധിപന്റേയോ ഇന്റര്‍ നെറ്റ് സേവന ദാതാക്കളുടേയോ ഫോണ്‍ കമ്പനികളുടേയോ അനുവാദമോ സഹകരണമോ ആവശ്യമില്ല എന്നതാണ് നിയമത്തിന്റെ പ്രത്യേകത.
മനുഷ്യാവകാശ സംഘടനകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് നിയമ നിര്‍മാണം നടത്തിയത്. ബില്‍ അവ്യക്തവും പൗരന്റെ സ്വകാര്യതയിലേക്ക് അനാവശ്യമായി തലയിടുന്നതുമാണെന്നും വാദിച്ചാണ് മനുഷ്യാവകാശ സംഘനകള്‍ ബില്ലിനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ജനുവരിയില്‍ തീവ്രവാദികള്‍ 17 പേരെ വധിക്കുകയും പാരീസിനെ മൂന്നു ദിവസം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത സംഭവമാണ് നിയമം തിടുക്കത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് പ്രചോദനമായത്. രണ്ടാഴ്ച മുമ്പാണ് ഒരു ഭീകരാക്രമണ പദ്ധതി പോലീസ് അട്ടിമറിച്ചത്.
86 വോട്ടിനെതിരെ 438 വോട്ടുകള്‍ നേടിയാണ് നിയമം പാസായത്. രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളും നിയമത്തെ പിന്തുണച്ചു. ഇടതു പക്ഷ പാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടികളും മാത്രമാണ് നിയമത്തെ എതിര്‍ത്തത്. അതേ സമയം ബില്ല് ഈ മാസം തന്നെ ഉന്നത സഭയുടെ മുമ്പില്‍ പരിഗണനക്കെത്തും.
ഇത് ഫ്രാന്‍സിനെ ഒരു നിരീക്ഷണ രാജ്യമായി മാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി ആംനെസ്റ്റി ഇന്റര്‍നാഷനലും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല