സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയും രോഗീ പരിചരണത്തിലെ കാലതാമസവുമെല്ലാം പരിഗണിച്ചു ഹെല്‍ത്ത് സര്‍വ്വീസിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനൊപ്പം എത്തിയ വെസ് സ്ട്രീറ്റിംഗ് ഹെല്‍ത്ത് സര്‍വ്വീസിലെ കാലതാമസങ്ങള്‍ ചില രോഗികള്‍ക്ക് മരണശിക്ഷയായി മാറുന്നുവെന്ന് വ്യക്തമാക്കി.
എന്‍എച്ച്എസ് മോശം അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയ സ്ട്രീറ്റിംഗ് എഐ ഉള്‍പ്പെടെ സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശിക്കുന്നത്. ‘ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് എന്‍എച്ച്എസ് നേരിടുന്നത്. ജിപിയെ കാണാന്‍ ജനം ബുദ്ധിമുട്ടുന്നതും, 999 ഡയലിംഗും, സമയത്ത് എത്തിച്ചേരാത്ത ആംബുലന്‍സും, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വന്ന് സുദീര്‍ഘ കാത്തിരിപ്പ് നേരിടുന്നതും, കോറിഡോറില്‍ ട്രോളികളില്‍ പെട്ട് കിടക്കുന്നതും, രോഗസ്ഥിരീകരണത്തിന് വേണ്ടി വരുന്ന കാത്തിരിപ്പുമെല്ലാം ജീവതത്തിനും, മരണത്തിനും ഇടയിലുള്ള സമയമാണ്’, സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
ഈ ദുരവസ്ഥ മാറ്റുന്നതിന്റെ ഭാഗമായി എന്‍എച്ച്എസ് ആപ്പ് പരിഷ്‌കരിക്കുകയാണ്. ആപ്പ് ഉപയോഗിച്ച് വിരല്‍തുമ്പില്‍ എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകുന്ന തോതിലേക്ക് മാറ്റുകയാണ് ലക്ഷ്യം. നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കുന്നത് പോലെ എളുപ്പത്തില്‍ ഇത് ഉപയോഗിച്ച് ഒരുപരിധി വരെ തലവേദന കുറയ്ക്കാമെന്നാണ് സ്ട്രീറ്റിംഗിന്റെ നിലപാട്. ആപ്പില്‍ രോഗികളുടെ എല്ലാ മെഡിക്കല്‍ രേഖകളും സൂക്ഷിക്കാമെന്നതിനാല്‍ ഒരു മെഡിക്കല്‍ പാസ്‌പോര്‍ട്ടായി ഇത് മാറും.
ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നുമുള്ള രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബുധനാഴ്ച പുതിയ നിയമം അവതരിപ്പിക്കും. എന്നാല്‍ രോഗികളുടെ വിവരങ്ങള്‍ മരുന്ന് കമ്പനികളുമായി പങ്കുവെയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് മെഡ് കോണ്‍ഫിഡെന്‍ഷ്യല്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ എന്‍എച്ച്എസിലെ 1.5 മില്ല്യണ്‍ ജീവനക്കാര്‍ക്കും ഏത് രോഗിയുടെ വിവരവും പരിശോധിക്കാമെന്ന നിലവരുമെന്ന് വിമര്‍ശനമുണ്ട്. ഏതായാലും 76 വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍എച്ച്എസ് സംവിധാനത്തില്‍ ഒരു അഴിച്ചു പണിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല