സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ശേഷം വീണ്ടും തൊഴില്‍ സാധ്യതകള്‍ തുറന്ന് ഖത്തര്‍. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പദ്ധതിയായ സിമൈസ്മ പദ്ധതിയുടെ പ്രവൃത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. 80 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് 2000 കോടി റിയാല്‍ ചെലവിലാണ് പുതിയ ടൂറിസം പദ്ധതി വരുന്നത്. ഖത്തരി ദിയായര്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്കാണ് നിര്‍മാണച്ചുമതല.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഖത്തറിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ സിമൈസ്മ മാറും. പൊതു – സ്വകാര്യ മേഖലകള്‍ സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുകയെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ അറിയിച്ചു.
ഖത്തറിന്റെ കിഴക്കന്‍ തീരത്ത് ഏഴ് കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശത്താണ് സിമൈസ്മ പ്രൊജക്ട് വരുന്നത്. വിനോദസഞ്ചാര മേഖലയില്‍ 16 സോണുകളിലായാകും നിര്‍മാണം. നാല് സോണുകളില്‍ റിസോര്‍ട്ടുകള്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലബ് ഹൗസ്, അമ്യൂസ്മെന്റ് പാര്‍ക്ക്, ഗോള്‍ഫ് കോഴ്സ്, റെസിഡന്‍ഷ്യല്‍ വില്ലകള്‍, ആഢംബര മറീന, ലോകോത്തര റെസ്റ്റോറന്റുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. പദ്ധതിയുടെ എട്ട് ശതമാനം പങ്കാളിത്തമായിരിക്കും സ്വകാര്യ മേഖലക്കായി നീക്കിവയ്ക്കുക.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് സിമൈസ്മ പദ്ധതി. സ്മാര്‍ട്ട് സംവിധാനങ്ങളും സാങ്കേതികവിദ്യയും സ്വീകരിച്ചായിരിക്കും പദ്ധതിയുടെ നിര്‍മാണം. പരിസ്ഥിതി സൗഹൃദ പ്രാദേശിക വസ്തുക്കളുടെ ഉപയോഗവും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും പദ്ധതിയുടെ സവിശേഷതകളാണ്. പദ്ധതിയുടെ നിര്‍മാണ ഘട്ടത്തിലും പൂര്‍ത്തിയായ ശേഷവും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ പദ്ധതിലൂടെ കൈവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല