സ്വന്തം ലേഖകന്‍: വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം. പുതിയ നിയമമനുസരിച്ച് രാജ്യത്ത് താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാനാകും. ഒരേ തൊഴിലുടമക്ക് കീഴില്‍ പുതിയ വിസയിലേക്ക് മാറുന്നതിനും ഇനി രാജ്യത്തിനു പുറത്തുകടക്കേണ്ടതില്ല.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വന്തം വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി വ്യക്തമാക്കി. എന്നാല്‍, രാജ്യത്തു നിന്നു തന്നെ തൊഴില്‍ വിസ മാറുന്നതിന് 50 റിയാല്‍ നിരക്ക് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍ക്ക് തൊഴില്‍ വിസ സ്‌പോണ്‍സര്‍ ചെയ്യാനാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. വീട്ടുജോലിക്കാരെ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ നിയമിക്കാന്‍ സാധിക്കുക. സ്വന്തമായി കെട്ടിടങ്ങളുള്ള വിദേശികള്‍ക്കും സ്വദേശി സ്‌പോണ്‍സറെ കൂടാതെ വിസ ലഭിക്കും.
നേരത്തെ വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിന് അനുമതി നല്‍കിയിരിക്കുന്ന മേഖലകളിലേക്ക് ഇവ ഉള്‍പ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ആര്‍ഒപി വ്യക്തമാക്കി. സ്വദേശികള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും പുറമെ ഇന്‍വെസ്റ്റ്‌മെന്റ് പെര്‍മിറ്റുള്ളവരും സ്വന്തമായി കെട്ടിടം കൈവശമുള്ളവരും ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സില്‍ വീട് സ്വന്തമാക്കിയവരുമായ പ്രവാസികള്‍ക്കാണ് നിലവില്‍ വീട്ടു ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുക.
എന്നാല്‍ ആറു മാസക്കാലത്തെ പാസ്‌പോര്‍ട്ട് കാലാവധിയുള്ളവര്‍ക്കു മാത്രമാണ് രാജ്യത്തേക്കു പ്രവേശിക്കുന്നതിനുള്ള വിവിധ വിസകള്‍ അനുവദിക്കുക. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി പറഞ്ഞു. അതേസമയം, തൊഴില്‍ വീസ, ഫാമിലി, എജ്യുക്കേഷനല്‍ ജോയിനിങ് വിസ എന്നിവ അനുവദിച്ചവര്‍ മൂന്നു മാസത്തിനകം രാജ്യത്ത് എത്തിയിരിക്കണമെന്നും ബ്രിഗേഡിയര്‍ ജനറല്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല