1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2019

സ്വന്തം ലേഖകന്‍: 2018ന് വിട; പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2019 ആദ്യമെത്തിയത് പസഫിക് ദ്വീപായ ടോംഗോയില്‍. ലോകമെങ്ങും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നീട് ന്യൂസലന്‍ഡിലെ ഓക്‌ലന്‍ഡ് 2019നെ വരവേറ്റു.

പുതുവര്‍ഷത്തെ ആരവത്തോടെ വരവേല്‍ക്കാന്‍ ഓക്‌ലന്‍ഡിലെ സ്‌കൈ ടവറില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. പോയ വര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും പ്രളയദുഖവും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങള്‍ ആഘോഷം തുടങ്ങിയത്.

ദുബൈയില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. ദക്ഷിണ കൊറിയ. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളോടെയാണ് 2019നെ സ്വാഗതം ചെയ്തത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പുതുവര്‍ഷം പിറന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും വേറിട്ട രീതിയിലാണ് ആഘോഷം നടന്നത്.

ജക്കാര്‍ത്തയില്‍ നൂറുകണക്കിന് ദമ്പതിമാര്‍ സമൂഹ വിവാഹത്തിലൂടെ പുതുവത്സരത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്തി. പാട്ടും നൃത്തവുമായി അമേരിക്കയും ഫ്രാന്‍സും ജര്‍മ്മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. ഇന്ത്യയിലെ പ്രധാനനഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, പനാജി എന്നിവിടങ്ങളിലും വ്യത്യസ്തമായ ആഘോഷം നടന്നു.

കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വര്‍ക്കലയിലും വിദേശികളടക്കം നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. പ്രളയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേല്‍ക്കാന്‍ നിരവധി പേരെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു. ‘പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക് പ്രവേശിക്കുന്നത്. തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ഇനിയുളള വെല്ലുവിളി. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ പുനര്‍നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്,’ നവവത്സര സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.