സ്വന്തം ലേഖകൻ: കൂടുതൽ തൊഴിലുകളും കൂടുതൽ ശമ്പളവുമായി 2021 ഗൾഫ് പ്രവാസികൾക്ക് ഭാഗ്യ വർഷമെന്ന് സർവേ. സർവേയിൽ പങ്കെടുത്ത ഗൾഫിലെ 82 ശതമാനം കമ്പനികളും കൊവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ തുടങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 64 ശതമാനം കമ്പനികളും ഈ വർഷം കൂടുതൽ നിയമനം നടത്താൻ സാധ്യതയുണ്ട്.
47 ശതമാനം പേർക്ക് ശമ്പള വർധനയും പ്രതീക്ഷിക്കാം. എന്നാൽ 2020-ലുണ്ടായ നഷ്ടം നികത്താനുള്ള ശ്രമത്തിൽ ഏതാനും കമ്പനികൾ ശമ്പള വർധന നടത്തുകയോ തൊഴിൽസാധ്യതകൾ തുറക്കുകയോ ചെയ്യില്ലെന്നും റിപ്പോർട്ടിലുണ്ട്.
2020-ൽ കൊവിഡ് വെല്ലുവിളികൾക്കിടയിലും യു.എ.ഇ.യും സൌദി അറേബ്യയും ജി.സി.സി.യിലെ ഏറ്റവും തിരക്കേറിയ രാജ്യങ്ങളായിരുന്നെന്നാണ് സർവേ റിപ്പോർട്ട്. 49 ശതമാനം കമ്പനികൾ ജീവനക്കാരുടെ എണ്ണം കൂട്ടുകയും ചിലത് 2019-ലെ അതേ രീതിയിൽത്തന്നെ തൊഴിലാളികളുടെ എണ്ണം നിലനിർത്തുകയും ചെയ്തു.
70 ശതമാനം ജീവനക്കാരും ഉത്പാദനക്ഷമത അതേപടി തുടരുകയും ഓൺലൈൻ പ്രവർത്തന സമ്പ്രദായത്തിലൂടെ അത് വർധിപ്പിക്കുകയും ചെയ്തു. എന്നാൽ 52 ശതമാനം തൊഴിലുടമകൾ ജീവനക്കാരുടെ കാര്യക്ഷമത കുറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ ഓൺലൈൻ പ്രവർത്തനരീതിയിൽ ഉത്പാദനക്ഷമത അതേപടി തുടരുകയോ അല്ലെങ്കിൽ വർധിക്കുകയോ ചെയ്തെന്ന് പറഞ്ഞ ജീവനക്കാരുടെ അഭിപ്രായത്തോട് 44 ശതമാനം തൊഴിലുടമകൾ മാത്രമാണ് യോജിച്ചത്.
വർക്ക് ഫ്രം ഹോം ആശയം അക്കൗണ്ടൻസി, ഫിനാൻസ് പ്രൊഫഷണലുകൾക്ക് പുതിയ കാര്യമല്ലാത്തതിനാൽ കമ്പനികൾ ആ രീതി പിന്തുടരുമെന്നാണ് 79 ശതമാനം പേരും പ്രതീക്ഷിക്കുന്നതെന്ന് ഹെയ്‌സ് ഗൾഫ് മേഖല അക്കൗണ്ടൻസി ആൻഡ് ഫിനാൻസ് ബിസിനസ് മാനേജർ ആമി ബാസിൻഡെൽ പറയുന്നത്. ഹെയ്‌സിന്റെ കണക്കനുസരിച്ച് ഐ.ടി., ടെക്‌നോളജി, ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽ, ഇ-കൊമേഴ്‌സ്, എഫ്.എം.സി.ജി. മേഖലകളിലാണ് 2021-ൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുണ്ടാവുക. കൂടാതെ ഗൾഫിൽ കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതുമുതൽ മിക്ക സ്ഥാപനങ്ങളും വീണ്ടെടുക്കലിന്റെ ഘട്ടത്തിലാണ്. കഴിഞ്ഞ സെപ്റ്റംബർ മുതൽ തൊഴിൽ സാധ്യതകളിൽ ഗണ്യമായ വർധനയുണ്ടായി.
യു.എ.ഇ.യെ സംബന്ധിച്ച് 2021 ആകർഷകമായ വർഷമാണെന്നാണ് പൊതുവായ വിലയിരുത്തൽ. ഇസ്രയേൽ ബന്ധം സാധാരണ നിലയിലായതും മൂന്നരവർഷം നീണ്ടുനിന്ന ഉപരോധത്തിനുശേഷം യു.എ.ഇ.-ഖത്തർ അതിർത്തികൾ തുറന്നതുമെല്ലാം വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കൂടാതെ കോവിഡിനുശേഷം ജനങ്ങൾ ചുരുങ്ങിയ ചെലവിൽപോലും ജീവിക്കാൻ പഠിച്ചു കഴിഞ്ഞു.
15,000 ദിർഹം മാസശമ്പളം വാങ്ങിയിരുന്നൊരാൾ കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടതോടെ 5000 ദിർഹത്തിനും ജോലി ചെയ്യാമെന്ന നിലപാടിലെത്തി. അതും കൂടുതൽ തൊഴിൽ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. തൊഴിൽ നഷ്ടപ്പെട്ടും മറ്റ് പ്രതിസന്ധികളിൽപ്പെട്ടും പലരും നാട്ടിലേക്ക് പറന്നതോടെ 2021- ൽ ആ ഒഴിവ് നികത്താനുള്ള ശ്രമവും കമ്പനികൾ നടത്തുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല