സ്വന്തം ലേഖകൻ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് തിങ്കളാഴ്ച രാവിലെ 9.10-ഓടെ കുതിച്ചുയര്‍ന്ന എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ്) ഉപഗ്രഹം പുതുവര്‍ഷപ്പുലരിയില്‍ രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചിരിക്കുകയാണ്.
ആദ്യഘട്ട വിക്ഷേപണം വിജയകരമായതോടെ എക്‌സ-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മാത്രമാണ് ഇതിനുമുമ്പ് ഇത്തരം ദൗത്യം (2021-ല്‍) നടത്തിയിട്ടുള്ളത്. ബഹിരാകാശത്തെ എക്‌സ-റേ കിരണങ്ങളുടെ പഠനമാണ് എക്‌സ്‌പോസാറ്റ് ലക്ഷ്യമിടുന്നത്.
ബഹിരാകാശത്തെ തമോഗര്‍ത്തങ്ങള്‍, ന്യൂടോണ്‍ നക്ഷത്രങ്ങള്‍, നെബുലകള്‍, പള്‍സാറുകള്‍ എന്നിവയുടെ രഹസ്യങ്ങളാണ് പ്രധാനമായും എക്‌സ്‌പോസാറ്റ് തേടുക. ഇവയില്‍നിന്നുള്ള എക്‌സ-റേ തരംഗങ്ങള്‍ പിടിച്ചെടുത്ത് അവയെക്കുറിച്ച് പുതിയ വിവരങ്ങള്‍ കണ്ടെത്തുകയാണ് എക്‌സ്‌പോസാറ്റിന്റെ ദൗത്യം. അഞ്ചുവര്‍ഷമാണ് ദൗത്യ കാലയളവ്.
ഇതിനുള്ളില്‍ എക്‌സ-റേ തരംഗങ്ങളെ നിരീക്ഷിച്ച് പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാന്‍ ഇസ്രോയ്ക്ക് സാധിക്കുമോയെന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ക്ഷത്രങ്ങള്‍ക്ക് കാലക്രമേണ മാറ്റങ്ങള്‍ സംഭവിച്ച് തമോഗര്‍ത്തങ്ങളായി മാറുമ്പോഴാണ് നക്ഷത്രങ്ങളുടെ ആയുസ്സ് അവസാനിക്കുന്നത്.
ഇത്തരത്തില്‍ സൂര്യന്‍ എന്ന നക്ഷത്രത്തിന്റെ ആയുസ്സ് അവസാനിക്കുന്ന ഘട്ടം ഏതെന്നത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ പ്രാഥമിക ചുവടുകൂടിയാണ് ഇത്തരത്തിലുള്ള എക്‌സ-റേ പഠനങ്ങള്‍. പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്രോതസ്സുകളെ അടുത്തറിയാനും തമോഗര്‍ത്തങ്ങളില്‍നിന്നു പുറപ്പെടുന്ന എക്‌സ-റേ കിരണങ്ങള്‍ ഏതുതരത്തിലാണ് കാലാവസ്ഥയിലടക്കം വ്യതിയാനം വരുത്തുകയെന്ന് പഠിക്കാനും എക്‌സ്‌പോസാറ്റിലൂടെ സാധിക്കും.
മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3, സൗരദൗത്യമായ ആദിത്യ എല്‍-1 എന്നിവ വിജയകരമായതിന് തൊട്ടുപിന്നാലെയാണ് ബഹിരാകാശത്തെ എക്‌സ-റേ കിരണങ്ങളുടെ ഉറവിടങ്ങള്‍ തേടിയും ഐഎസ്ആർഒ ദൗത്യം തുടങ്ങിയത്. പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പ്രധാന ശാസ്ത്രീയ പേലോഡുകളാണ്എക്‌സ്‌പോസാറ്റിലുള്ളത്. ഈ പേലോഡുകള്‍ ഉപയോഗിച്ച് എക്‌സ്-റേ സ്രോതസ്സുകളുടെ വിവിധ വശങ്ങള്‍ ഒരേസമയം പഠിക്കും.
പ്രധാന പേലോഡായ പോളിക്‌സ് നിര്‍മിച്ചത് ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍.ആര്‍.ഐ.) ആണ്. യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററുമായി സഹകരിച്ചായിരുന്നു നിര്‍മാണ പ്രവര്‍ത്തനം. രണ്ടാമത്തെ പേലോഡായ എക്‌സ്‌പെക്ട് (എക്‌സ്-റേ സ്പെക്ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ് പേലോഡ്) നിര്‍മിച്ചത് യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററാണ്.
മലയാളികളെ സംബന്ധിച്ചും അഭിമാന നിമിഷമാണിത്. തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും ഇതില്‍ വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തു നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.
എല്‍ബിഎസിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് വിസാറ്റ് നിര്‍മിച്ചെടുത്തത്. തിരുവനന്തപുരം വി.എസ്.എസ്.സിയും എല്‍.പിഎസ്.സിയും ചേര്‍ന്ന് വികസിപ്പിച്ച ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റവും എക്‌സ്‌പോസാറ്റിലുണ്ട്. പിഎസ്എല്‍വി സി-58 റോക്കറ്റിലേറിയാണ് തിങ്കളാഴ്ച രാവിലെ എക്‌സ്‌പോസാറ്റ് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് 21 മിനിറ്റിനകം ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എക്‌സ്‌പോസാറ്റിനെ പി.എസ്.എല്‍.വി. സി സുരക്ഷിതമായി എത്തിച്ചത്.
ഇസ്രോയുടെ ഏറ്റവും വിശ്വസനീയ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി (പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍) യുടെ അറുപതാം ദൗത്യമാണെന്ന പ്രത്യകതയുമുണ്ട് ഇന്നത്തെ വിക്ഷേപണത്തിന്. 1993 സെപ്റ്റംബറിലായിരുന്നു പിഎസ്എല്‍വിയിലേറി ഇസ്രോ ആദ്യ വിക്ഷേപണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 345 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ എല്‍-വണ്‍ ദൗത്യത്തിന്റെ പേലോഡുകളുമായി കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് പി.എസ്.എല്‍.വി. അവസാനം കുതിച്ചുയര്‍ന്നത്. സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിക്കാന്‍ ഇതിനകം പി.എസ്.എല്‍.വി.ക്കായി. വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ കുറഞ്ഞചെലവില്‍ വിക്ഷേപിച്ചതോടെ പി.എസ്.എല്‍.വി.ക്ക് അന്താരാഷ്ട്രതലത്തിലും വിശ്വാസ്യതയേറി.
ഇതുവരെയുള്ള ദൗത്യങ്ങള്‍ക്കിടെ പി.എസ്.എല്‍.വി.ക്ക് പിഴവുനേരിട്ടത് രണ്ടുതവണമാത്രമാണ്. 1993 സെപ്റ്റംബര്‍ 20-ന് നടന്ന കന്നി വിക്ഷേപണ ദൗത്യത്തില്‍ പി.എസ്.എല്‍.വി.-ജി പരാജയപ്പെട്ടു. തുടര്‍ന്ന് ഒരു കൊല്ലത്തിനുശേഷം 804 കിലോഗ്രാം ഭാരമുള്ള ഐ.ആര്‍.എസ്. പി രണ്ടിനെ ഭ്രമണപഥത്തിലെത്തിച്ച് പി.എസ്.എല്‍.വി. ജൈത്രയാത്രയാരംഭിച്ചു. രണ്ടാമത്തെ പരാജയം 2017-ല്‍ ഐ.ആര്‍.എന്‍.എസ്.എസ്.-1എച്ചിനെയും വഹിച്ച് പി.എസ്.എല്‍.വി. എക്സ്.എല്‍ പതിപ്പ് കുതിച്ചുയര്‍ന്നപ്പോഴായിരുന്നു.
ഇന്ത്യയുടേത് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 104 ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചതും പി.എസ്.എല്‍.വി.യായിരുന്നു. ചന്ദ്രയാന്‍-ഒന്ന്, മംഗള്‍യാന്‍ എന്നിവയുടെ വിക്ഷേപണത്തിനും രാജ്യം പി.എസ്.എല്‍.വി.യെയാണ് ആശ്രയിച്ചത്. ഇക്കാലത്തിനിടെ പി.എസ്.എല്‍.വി.ക്ക് ഒട്ടേറെ പുതിയ പതിപ്പുകളും വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല