സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പതിക്കുന്നതിന് കോടതിയുടെ അനുകൂല വിധി. മുസ്ലീങ്ങള്‍ ജൂതമാരെ കൊന്നൊടുക്കുന്നു എന്ന പരസ്യം ബസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയേണ്ടതില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി നിര്‍ദ്ദേശിച്ചു.
അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പരസ്യം പതിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ അമേരിക്കന്‍ ഭരണഘടനക്ക് വിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലും സംഘടന സമാനമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പരസ്യത്തില്‍ തലയും കഴുത്തും മറക്കുന്ന തരത്തില്‍ ശിരോവസ്ത്രം ധരിച്ച ഒരാളുടെ ചിത്രത്തിനു താഴെ ജൂതമാരെ വധിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ഹമാസ് എംടിവി എന്നും എഴുതിയിട്ടുണ്ട്. അതിനു താഴെ ഇതാണ് അയാളുടെ ജിഹാദ്, നിങ്ങളുടേയോ എന്നും ചോദ്യം ഉന്നയിക്കുന്നു.
എന്നാല്‍ ന്യൂയോര്‍ക്ക് നിവാസികള്‍ സഹിഷ്ണുത ഉള്ളവരാണെന്നും ഇത്തരം പരസ്യങ്ങല്‍ മതവൈരന്‍ ഉണര്‍ത്തി വിടുമെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ചിക്കാഗോയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും ജനങ്ങളെ പ്രകോപിപ്പിക്കാത്ത പരസ്യം ന്യൂയോര്‍ക്കില്‍ മാത്രം അതു ചെയ്യുമെന്ന് കരുതാന്‍ ന്യായമില്ല.
ഡിഫന്‍സ് ഇനിഷ്യേറ്റേവിന്റെ പരസ്യം ഇസ്ലാം വിരുദ്ധമാണെന്നും അത് തീവ്രവാദ ആക്രമണം ക്ഷണിച്ചു വരുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല