സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടില്‍ നിന്ന്. ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതി ജഡ്ജിയായി അധികാരമേറ്റെടുത്ത തമിഴ്‌നാട് സ്വദേശിയായ രാജ രാജേശ്വരിയാണ് അപൂര്‍വമായ ബഹുമതിക്ക് അര്‍ഹയായത്.
രാജ രാജേസ്വരി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജ ജഡ്ജിയായി അധികാരമേല്‍ക്കുന്നത് ആദ്യമായാണ്. നാല്പത്തി മൂന്നുകാരിയായ രാജ രാജേശ്വരി കൗമാര പ്രായത്തില്‍ ചെന്നൈയില്‍ നിന്ന് അമേരിക്കയിലെത്തിയതാണ്.
നിയമ പഠനത്തിനു ശേഷം പ്രമുഖ നിയമകാര്യ വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് മേയര്‍ക്കാണ് ജഡ്ജിയെ നിയമിക്കാനുള്ള അധികാരം. പത്ത് വര്‍ഷമാണ് സേവന കാലാവധി.
രാജ രാജേശ്വരിക്കൊപ്പം മറ്റ് 27 ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മറ്റുള്ളവരെ മനസിലാക്കാന്‍ അസാമാന്യ കഴിവുള്ള വ്യക്തിയാണ് രാജ രാജേശ്വരിയെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ മേയര്‍ പറഞ്ഞു.
ഇത് തന്റെ അമേരിക്കന്‍ സ്വപ്നം മാത്രമല്ല, വിദൂര ദേശത്തു നിന്നുള്ള ഒരു പെണ്‍കുട്ടിക്ക് ഉന്നത സ്ഥാനത്ത് എത്താന്‍ കഴിയുമെന്നതിനുള്ള സാക്ഷ്യം കൂടിയാണെന്ന് മറുപടി പ്രസംഗത്തില്‍ രാജ രാജേശ്വരി പറഞ്ഞു. മികച്ച നര്‍ത്തകി കൂടിയായ രാജ രാജേശ്വരി അമേരിക്കയില്‍ ഭരതനാട്യം, കുച്ചുപ്പുടി എന്നിവയും അവതരിപ്പിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല