
സ്വന്തം ലേഖകൻ: മരണശേഷം മനുഷ്യശരീരം വളമാക്കി കൃഷിക്കുപയുക്തമാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്. കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക് സംസ്ഥാനഗവര്‍ണര്‍ കാത്തി ഹോച്ചല്‍ പുതിയ നിയമത്തില്‍ ഒപ്പുവെച്ചത്.
2019 നു ശേഷം ആദ്യമായാണ് ഒരു സംസ്ഥാനം മനുഷ്യശരീരം വളമാക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്നത്. അമേരിക്കയില്‍ വാഷിങ്ടണിലാണ് 2019 ല്‍ ഈ നിയമം ആദ്യം നിലവില്‍ വന്നത്. 2021 ല്‍ കൊളറാഡൊ, ഒറിഗണ്‍ എന്നീ സംസ്ഥാനങ്ങളും 2022 ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വന്നു.
സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഭീമമായ ചെലവും സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളേണ്ടിവന്നത്. പുനരുപയോഗിക്കാവുന്ന വലിയൊരു തൊട്ടിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് മൃതദേഹം കമ്പോസ്റ്റാക്കിയെടുക്കുന്നത്. രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂട്രിയന്റ് ഡെന്‍സ് സോയില്‍ ആയിമാറും.
ഒരു മൃതശരീരം ഇങ്ങനെ കംബോസ്റ്റാക്കുമ്പോള്‍ 36 ബാഗിലേക്ക് ആവശ്യമായ വളക്കൂറുള്ള മണ്ണാക്കി മാറും. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും ഓര്‍ഗാനിക് കൃഷിക്കും വളരെ ഉപയുക്തമാണ്. ശ്മശാനങ്ങള്‍ക്ക് വളരെ സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളില്‍ മൃതശരീരങ്ങള്‍ കമ്പോസ്റ്റാക്കിമാറ്റുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് ഗ്രീന്‍സ്പ്രിംഗ് നാച്വറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്റര്‍ അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല