സ്വന്തം ലേഖകൻ: റ്റരാത്രികൊണ്ട് പെയ്ത കനത്ത മഴയിൽ ന്യൂയോർക്കിലെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി.
ശക്തമായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ പല സബ്വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തു,
ദേശീയ പാതകളും തെരുവുകളും വെള്ളത്തിലായതോടെ നഗരത്തിലെ പൊതുഗതാഗതം താറുമാറായി. ലാഗാര്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു. ഇത് ജീവൻ അപകടപ്പെടുത്തുന്ന കൊടുങ്കാറ്റാണെന്ന് ഗവർണർ കാത്തി ഹോചുൾ പറഞ്ഞു.
അതിശക്തമായ മഴയെത്തുടർന്ന് ന്യൂയോർക്ക് സിറ്റി, ലോങ് ഐലൻഡ്, ഹഡ്സൺ വാലി എന്നിവിടങ്ങളിലാണ് ഗവർണർ ഹോച്ചുൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷിതരായിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വെള്ളം നിറഞ്ഞ റോഡുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കരുതെന്നും വ്യക്തമാക്കി.
മരണമോ ഗുരുതര പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂജഴ്സി നഗരമായ ഹോബോക്കണിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഗവർണർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല