സ്വന്തം ലേഖകൻ: ഐഡ ചുഴലിക്കാറ്റിന് പിന്നാലെ ന്യൂയോർക്കിൽ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലും ന്യൂയോർക്കിലും ന്യൂ ജഴ്സിയിലും ശക്തമായ മഴയാണ് പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളും ഇതോടെ വെള്ളത്തിനടിയിലാണ്.
മെട്രോ സ്റ്റേഷനുകളിൽ വെള്ളം കുത്തിയൊലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ന്യൂ ജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കുള്ള നടപ്പാതകളിലും റോഡുകളിലും വെള്ളം നിറഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെള്ളം കയറിയതിനാൽ നെവാർക് ലിബർട്ടി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ നിർത്തി വെച്ചതായാണ് വിവരം. വിമാനത്താവളത്തിലെ ബാഗേജ് ഏരിയ വെള്ളത്തിനടിയിലാണ്. പ്രദേശം വെള്ളത്തിലായതോടെ ഉദ്യോഗസ്ഥരും ജീവനക്കാരും എസ്കലേറ്ററുകളിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് വൻ നാശനഷ്ടങ്ങളാണ് വടക്ക് കിഴക്കൻ നഗരങ്ങളിൽ ഒട്ടാകെ ഉണ്ടായിരിക്കുന്നത്. ഇതിനെത്തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ലൂയിസിയാനയിൽ നിന്ന് ഐഡ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആയിരത്തിലധികം പേർ പലായനം ചെയ്തിരുന്നു.
ഐഡ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് നേരത്തെ തന്നെ മുൻകരുതലുകളെടുത്തതിനാൽ ദുരന്തത്തിൽ മരണനിരക്ക് കുറവാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല