![](https://www.nrimalayalee.com/wp-content/uploads/2022/04/New-York-Sikhs-Attacks-.jpg)
സ്വന്തം ലേഖകൻ: റിച്ച്മണ്ട് ഹില്ലിൽ സിഖ് പുരുഷന്മാർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ സമൂഹം ഒന്നാകെ നടുങ്ങിയിരിക്കുകയാണ്. റിച്ച്മണ്ട് ഹില്ലിൽ സിഖ് സമൂഹവും ഒരു പ്രമുഖ സിഖ് ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ലിറ്റിൽ പഞ്ചാബ് എന്ന് വിളിക്കുന്ന പ്രദേശത്താണ് സിഖുകാർക്കെതിരെ ആക്രമണമുണ്ടായത്. പത്ത് ദിവസത്തിനുള്ളിൽ ന്യൂയോർക്ക് സിറ്റി ബ്ലോക്കിൽ മൂന്ന് സിഖുകാരാണ് ആക്രമിക്കപ്പെട്ടതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച രാവിലെ ഭാര്യയുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ട് ജോലി സ്ഥലത്തേയ്‌ക്ക് നടക്കുന്നതിനിടെയാണ് ഗുൽസാർ സിംഗ് എന്ന 45കാരനെ അക്രമികൾ ആക്രമിച്ചത്. ഗുൽസാറിന്റെ തലപ്പാവ് വലിച്ചുകീറി തലയുടെ പിൻഭാഗത്ത് അക്രമികൾ അടിയ്‌ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അതേ പ്രദേശത്ത് മറ്റൊരു സിഖ് വംശജനായ സജൻ സിംഗിനെ പിന്നിൽ നിന്ന് രണ്ട് ആക്രമികൾ മർദ്ദിക്കുകയും കൊള്ളയടിക്കുകയും തലപ്പാവ് വലിച്ചുകീറുകയും ചെയ്തു. ഈ അക്രമ സംഭവങ്ങൾ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് നിർമ്മൽ സിംഗ് എന്ന സിഖുകാരനെ സമാന രീതിയിൽ അക്രമികൾ ആക്രമിച്ചിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 4ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് വെർനൺ ഡഗ്ലസ് എന്ന പ്രതിയെയും, അതിന് മുൻപ് നടന്ന ആക്രമണത്തിൽ ഹിസ്‌കിയ കോൾമാൻ എന്ന പ്രതിയെയുമാണ് അറസ്റ്റ് ചെയ്തത്. സിഖുകാരെ ഇസ്ലാം മതക്കാരായി തെറ്റിദ്ധരിച്ചാണ് ആക്രമണങ്ങൾ പതിവാകുന്നത്. യുഎസിൽ വ്യാപകമായ വിവേചനം നേരിടുന്ന ഒരു മതസമൂഹമാണ് സിഖ്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കൻ സന്ദർശന വേളയിൽ സിഖുകാർക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല