സ്വന്തം ലേഖകൻ: അംബരചുംബികളുടെ അമിതഭാരത്താൽ ന്യൂയോർക്ക് നഗരം മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ശാസ്ത്രജേണലായ എർത്ത് ഫ്യൂച്ചറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. റോഡ് െഎലൻഡ് സർവകലാശാലയിലെ മൂന്ന് സമുദ്രശാസ്ത്രജ്ഞരും യു.എസ്. ജിയോളജിക്കൽ സർവേയിലെ ഒരു ഗവേഷകനുമാണ് പഠനത്തിനു പിന്നിൽ.
ന്യൂയോർക്കിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ ആകെ ഭാരം ഏകദേശം 168 ലക്ഷം കോടി പൗണ്ടാണ്. അതായത് 14 കോടി ആനകളുടെ ഭാരം. ഇത്രയും ഭാരം മണ്ണിലേക്ക് അനുഭവപ്പെടുത്തുന്ന ബലം ചെറുതല്ല. ഇത് സമുദ്രനിരപ്പുയർത്തുകയും പ്രതിവർഷം നഗരം ശരാശരി ഒന്നോ രണ്ടോ മില്ലീമീറ്റർ മുങ്ങാൻ ഇടയാക്കുന്നുവെന്നുമാണ് കണ്ടെത്തൽ.
ഭൂമിശാസ്ത്രപരമായ മാതൃകകൾ സൃഷ്ടിച്ചാണ് ഗവേഷകർ ഇതിന്റെ തോത് അളന്നത്. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനാണ് ഏറ്റവും വേഗത്തിൽ മുങ്ങാൻ സാധ്യതയുള്ള പ്രദേശം. ഇവിടത്തെ ഭൂരിഭാഗം പ്രദേശവും നിലവിൽ സമുദ്രനിരപ്പിൽനിന്ന് ഒന്നോ രണ്ടോ മീറ്റർ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റ് കാടെന്നാണ് മാൻഹട്ടനെ ഗവേഷകർ വിശേഷിപ്പിച്ചത്. ബ്രൂക്ക്ലീൻ, ക്വീൻസ് എന്നീ പ്രദേശങ്ങളിലും താഴ്ചാ നിരക്ക് കൂടുതലാണ്.
പഠനത്തിന്റെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് നഗരം കാര്യമായ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതവർധിക്കുന്നത് കെട്ടിടങ്ങളുടെ ഘടനാപരമായനിലനിൽപ്പിനെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്ത് ആഗോളശരാശരിയെക്കാൾ 3-4 മടങ്ങ് വരെ കൂടുതൽ സമുദ്രനിരപ്പുയരാനുള്ള സാധ്യതയുണ്ട്. 1950 മുതൽ ന്യൂയോർക്കിൽ കരഭാഗത്തേക്ക് ഒമ്പത് ഇഞ്ച് ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ടെന്നും പഠനം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല