സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡില്‍ തുടര്‍ചലനങ്ങള്‍, ഇത്തവണ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.3, രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ആദ്യ ഭൂചലനത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം. ആദ്യ ഭൂകമ്പത്തില്‍ രണ്ട് പേര്‍ മരണപ്പെടുകയും സൂനാമിയുണ്ടാകുകയും ചെയ്തിരുന്നു.
ക്രൈസ്റ്റ്ചര്‍ച്ചിന് വടക്കുകിഴക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിനു ശേഷം രണ്ട് ചെറു ഭൂചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ശക്തിയേറിയ ഭൂചലനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ക്രൈസ്റ്റ്ചര്‍ച്ചിന്റെ വടക്കു കിഴക്കന്‍ മേഖലയിലാണു റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
വെല്ലിംഗ്ടണ്‍, സൗത്ത് ഐലന്‍ഡ്, മാല്‍ബറോ, പെനിന്‍സുല തീരങ്ങളില്‍ ഇതേത്തുടര്‍ന്ന് 2.5 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ രൂപപ്പെട്ടു. സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ആയിരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ക്രൈസ്റ്റ്ചര്‍ച്ചിന് 91 കിലോമീറ്റര്‍ അകലെയാണു പ്രഭവകേന്ദ്രം. കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതിനു പുറമേ വൈദ്യുതി–ടെലിഫോണ്‍ ബന്ധം തകര്‍ന്നു. മണ്ണിടിഞ്ഞുവീണ് റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
ഭൂചലന സാധ്യത ഏറിയ മേഖലയില്‍ പെട്ടതാണ് ന്യുസിലാന്‍ഡ്. 2011ല്‍ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല