സ്വന്തം ലേഖകൻ: ന്യൂസീലൻഡ് ഒന്നര വർഷത്തിനിടെ രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ. 2023 ന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 0.1% ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ഉൽപാദനത്തിൽ 0.7% ആണ് കുറവ് എന്ന് ന്യൂസീലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ സ്റ്റാറ്റ്സ് എൻസെഡ് അറിയിച്ചു.
കഴിഞ്ഞ 5 ത്രൈമാസിക കണക്കുകളിൽ നാലിലും ദേശീയ ഉൽപാദനം പൂജ്യത്തിനു താഴെ ആയിരുന്നെന്നു സ്റ്റാറ്റ്സ് എൻസെഡ് ചൂണ്ടിക്കാട്ടുന്നു. വാർഷിക വളർച്ച നിരക്ക് വെറും 0.6% മാത്രമാണ്. പ്രതിശീർഷ വരുമാനം കഴിഞ്ഞ 5 ത്രൈമാസ കണക്കെടുപ്പിലും ശരാശരി 0.8% കുറവാണ് കാണിച്ചത്.
സമ്പദ് വ്യവസ്ഥ ഇത്രയെങ്കിലും മെച്ചപ്പെടുത്തിയത് ന്യൂസീലൻഡിലെ കുടിയേറ്റക്കാരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2023ൽ 1,41,000 പേരാണ് കുടിയേറ്റം നടത്തിയത്. നിശ്ചലമായ വിപണിയിൽ ഇവർ ഉണ്ടാക്കിയ ചലനം രാജ്യത്തിനു ഗുണകരമായി എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിശകലനം.
അടുത്ത ബജറ്റ് വെട്ടിച്ചുരുക്കാൻ നിലവിലെ സാമ്പത്തിക സ്ഥിതി ന്യൂസീലൻഡിനെ നിർബന്ധിതമാക്കുമെന്ന് മന്ത്രി ഡേവിഡ് സെയ്മോർ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകും. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. പക്ഷേ അതൊരു വാർത്തയല്ല. കാരണം കുറച്ചു നാളായി നമ്മൾ അങ്ങനെയാണ് ജീവിക്കുന്നത്– അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല