സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡ് ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; 6 പേരെ കാണാനില്ല; കാണാതായവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയെമെന്ന് സ്ഥിരീകരണം. ന്യൂസീലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവര്‍ക്ക് വെടിയേറ്റതായി ഒരു സംശയവും അവര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങള്‍ പുറത്തുവന്നത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
മറ്റ് ആറുപേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്‌ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.
കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു. സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്ന് സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇതിനായി 021803899, 021850033 തുടങ്ങിയ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല