സ്വന്തം ലേഖകന്‍: ‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലീം പള്ളികളിലുണ്ടായ ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന മാര്‍ച്ച് 22 ന് രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍.
ഞങ്ങള്‍ ഒപ്പമുണ്ടെന്ന സന്ദേശം വിളിച്ചോതിയാണ് ന്യൂസിലന്‍ഡിലെ പ്രധാനപത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. പത്രത്തിന്റെ ആദ്യപേജ് മുഴുവന്‍ ഇതിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിലെ ‘ദ പ്രസ്’ എന്ന പത്രത്തിന്റെ മുന്‍ പേജില്‍ ‘സലാം, സമാധാനം’ എന്നാണ് കുറിച്ചിരിക്കുന്നത്. ഇതിന് താഴെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരും എഴുതിയിട്ടുണ്ട്.
എ കോള്‍ ടു പ്രെയര്‍ എന്നെഴുതിയാണ് ന്യൂസിലന്‍ഡ് ഹെറാള്‍ഡ് ഇന്ന് ഒന്നാം പേജ് പുറത്തിറക്കിയത്. ഒരു നഗരം ഒന്നിച്ചു എന്ന വാര്‍ത്തയ്‌ക്കൊപ്പം മുസ്‌ലീം സഹോദരങ്ങളുടെ ചിത്രവും സമാധാന ആഹ്വാനത്തിന്റെ ചിത്രങ്ങളും മാത്രമാണ് ഒട്ടാഗോ ഡെയ്‌ലി ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്.
1: 32 PM ഇന്ന് ഞങ്ങളോര്‍ക്കുന്നു എന്നു പറഞ്ഞ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരും ആക്രമണമുണ്ടായ സമയവും മാത്രമാണ് ദ ഡൊമീനിയന്‍ പോസ്റ്റ് എന്ന പത്രത്തിന്റെ ഒന്നാം പേജില്‍ നല്‍കിയത്. പത്രങ്ങളോടൊപ്പം തന്നെ ന്യൂസിലന്‍ഡിലെ വിവിധ മാഗസിനുകളും ഭീകരാക്രണത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തന്നെയാണ് പതിപ്പുകള്‍ ഇറക്കിയത്.
ഭൂമിയില്‍ നിന്ന് ആകാശത്തിലെ അമ്പത് നക്ഷത്രങ്ങളെ നോക്കുന്ന മൂന്നു കുഞ്ഞുങ്ങളുടെ ചിത്രമാണ് ടൈം കവര്‍ പേജായി നല്‍കിയത്. ‘തനിച്ചല്ല’ എന്ന കുറിപ്പോടെ കൈ ചേര്‍ത്ത് പിടിക്കുന്ന ചിത്രമാണ് ന്യൂസിലന്‍ഡ് സിലണര്‍ മാഗസിന്റെ കവര്‍ ചിത്രം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല