സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ഹിജാബ് ധരിച്ചെത്തി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി. ന്യൂസിലന്‍ഡില്‍ തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ സന്ദര്‍ശിച്ചത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരുടെ പ്രിയപെട്ടവരെ സന്ദര്‍ശിച്ച് ആര്‍ഡന്‍ ആശ്വാസം പകരുകയും സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.
ഹിജാബ് ധരിച്ച് പ്രധാനമന്ത്രി ആര്‍ഡന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചത് ഇതിനോടകം ലോകത്താകമാനമുള്ള മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനം നടത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിനെതിരെ ന്യൂസിലന്‍ഡ് പൊലീസ് കൊലക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ഇയാള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസിലന്‍ഡില്‍ തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം കൊണ്ട് വരുമെന്നും ആര്‍ഡന്‍ ഉറപ്പ് നല്‍കി. ആക്രമണം നടന്ന ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ആര്‍ഡന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത്.
രണ്ടു മുസ്‌ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.
74 പേജുകളുള്ള മാനിഫെസ്റ്റോ കുടിയേറ്റ, ഇസ്‌ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്ലിംങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്റ്റോയില്‍ വാചാലനാകുന്നുണ്ട്. ട്രെന്‍ഡിന്റെ ക്രൂരകൃത്യത്തെ സമാധാനകാലത്ത് നടന്ന ഏറ്റവും ഹീനമായ കുറ്റകൃത്യം എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡണ്‍ പ്രതികരിച്ചത്. ടെറന്റിനെ ‘തീവ്രവാദി’എന്നാണു ആര്‍ടണ്‍ വിശേഷിപ്പിച്ചത്. രാജ്യസുരക്ഷ അങ്ങേയറ്റം മോശമായത് അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല