സ്വന്തം ലേഖകൻ: പ്രസവിക്കാനായി ആശുപത്രിയിലേക്ക് സൈക്കിൾ ഓടിച്ചു പോയി വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് ന്യൂസീലൻഡ് എംപി ജൂലി ആൻ ജെന്റർ. പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ജൂലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു പുലർച്ചെ 3.04ന് ഞങ്ങൾ സ്വാഗതം ചെയ്തു. പ്രസവത്തിനായി സൈക്കിളിൽ പോകണമെന്ന് സത്യസന്ധമായി ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ അങ്ങനെ സംഭവിക്കുകയായിരുന്നു. രണ്ടുമണിക്ക് ആശുപത്രിയിൽ പോകുമ്പോൾ കാര്യമായി പ്രസവ വേദന തുടങ്ങിയിരുന്നില്ല. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും വേദനയുടെ തീവ്രത വർദ്ധിച്ചു. ഇപ്പോൾ അവളുടെ പിതാവിനെപ്പോലെ ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു കുഞ്ഞ് ഞങ്ങൾക്കുണ്ട്,“ ജൂലി ആൻ ജെന്റർ ഫേസ്ബുക്കിൽ കുറിച്ചു.
പുലർച്ചെ രണ്ടു മണിക്കാണ് ജൂലിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയത്. പങ്കാളിയായ പീറ്റർ നൺസിനൊപ്പം കാർഗോ ബൈക്കിൽ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതി. ആശുപത്രിയിലേക്കുള്ള സാധനങ്ങൾ ഉള്ളതിനായിൽ ഒരു ബൈക്കിൽ ആശുപത്രിയിൽ പോകുന്നത് ദുഷ്കരമായി. ഇതേത്തുടർന്നാണ് മറ്റൊരു കാർഗോ ബൈക്കിൽ ആശുപത്രിയിൽ പോകാൻ ജൂലി തീരുമാനിച്ചത്.
ഗ്രീൻ പാർട്ടി അംഗമായ ജൂലിക്കും ഭർത്താവിനും സ്വന്തമായി കാർ ഇല്ല. സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ച് നേരത്തേയും ജൂലി വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രസവ വേദനയ്ക്കിടയിലും ജൂലി കാണിച്ച ധൈര്യത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല