സ്വന്തം ലേഖകൻ: 2020 -ല്‍ ന്യൂസിലന്‍ഡിലെ ഓക്ലന്ഡില് ‘പെയ്തി’റങ്ങിയത് 74 ടണ്‍ വരുന്ന മൈക്രോപ്ലാസ്റ്റിക്കെന്ന് റിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന ജേണലില്‍ 2022 ഡിസംബര്‍ 12 ന് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. അഞ്ച് മില്ലിമീറ്ററില്‍ താഴെ വ്യാസമുള്ള പ്ലാസ്റ്റിക്ക് ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍.
30 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾക്ക് സമാനമായ മൈക്രോപ്ലാസ്റ്റിക്കുകളാണ് ഓക്ലന്‍ഡിലെ അന്തരീക്ഷത്തിൽ നിന്ന് പെയ്തിറങ്ങിയത്. മേൽക്കൂരകളിലും, പൂന്തോട്ടങ്ങളിലും മറ്റ് ഉപരിതലങ്ങളിലുമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.
ചെറു പദാര്‍ത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകള്‍ ഇതിന് മുമ്പ് മനുഷ്യ രക്തത്തിലും മുലപ്പാലിലും വരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ തീവ്രത വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടാണ് എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത ഇവയുടെ സാന്നിധ്യം അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി ഓഫ് ഓക്ലന്‍ഡിലെ ഗവേഷകര്‍ കണ്ടെത്തിയത്.
ഒരു ദിവസം ശരാശരി, സ്ക്വയര്‍ മീറ്ററില്‍ 4,885 എന്ന തോതിലാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ അന്തരീക്ഷത്തില്‍ നിന്നും പെയ്തിറങ്ങിയത്. ലണ്ടന്‍, പാരീസ് തുടങ്ങിയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കാളേറെ അളവിലുള്ള മൈക്രോപ്ലാസ്റ്റിക്കുകളാണ് ഓക്ലന്ഡില് ഗവേഷക സംഘം കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് പാക്കേജിങ്ങുകള്‍ക്ക് ഉപയോഗിക്കാറുള്ള പോളിഈതലെയ്ന് ആയിരുന്നു കണ്ടെത്തിയ പ്ലാസ്റ്റിക്കില്‍ ഏറിയ പങ്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല